രാജ് മോഹന്‍ ഉണ്ണിത്താനെ പരിഹസിച്ച് കെ മുരളീധരന്‍; വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ താനുയര്‍ത്തി വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി കെ മുരളീധരന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ മുരളീധരനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയിരിക്കുന്നത്.

വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ലെന്നാണ് രാജ്മോഹനെതിരെയുളള മുരളീധരന്റെ പരിഹാസം. അനാശാസ്യക്കേസില്‍ പ്രതിയായി താന്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ല. പാര്‍ട്ടി പ്രസിഡന്റിന് പകരം ആരും കുരയ്ക്കേണ്ടതില്ല. അങ്ങനെ കുരച്ചാല്‍ പരമപുച്ഛത്തോടെ അത് തള്ളിക്കളയും. പാര്‍ട്ടി അഭിപ്രായം പറയേണ്ടത് പാര്‍ട്ടി അധ്യക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് മുരളീധരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. മുരളീധരന്‍ ഡിസിസി പരിപാടികള്‍ക്ക് പോലും പങ്കെടുക്കാറില്ല. മാത്രമല്ല നേതാക്കളെ അപമാനിച്ച പാരമ്പര്യമാണ് മുരളീധരനുള്ളതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ. മുരളീധരന്റെ പാര്‍ട്ടി വിമര്‍ശനത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയതില്‍ എ ഗ്രൂപ്പും അനിഷ്ടം പ്രകടമാക്കിയിട്ടുണ്ട്. പാര്‍ട്ടിവക്താവ് മുരളീധരനെ അപമാനിച്ചു എന്ന ആരോപിച്ച് എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന് കത്ത് അയക്കുകയും ചെയ്തു. പാര്‍ട്ടി കാര്യങ്ങളില്‍ പരസ്യ പ്രസ്താവന നടത്തുന്ന ആദ്യത്തെ വ്യക്തിയല്ല മുരളീധരന്‍. ഉണ്ണിത്താന്റെ പ്രസ്താവന പാര്‍ട്ടി അഭിപ്രായമാണോ എന്ന് സുധീരന്‍ പറയണം

മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം. വക്താക്കള്‍ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തരുതെന്നും കെ.സി ജോസഫ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം മുരളീധരന് പിന്നാലെ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി എന്നിങ്ങനെ പ്രതിപക്ഷത്തെ ഘടകകക്ഷികളും സ്വയം വിമര്‍ശനവുമായി വന്നിട്ടുണ്ട്.

Top