തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരന്‍. 48 മണിക്കൂറിനകം പ്രശ്നം പരിഹരിക്കണം. ഇല്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.
അതേസമയം, ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതെന്തിനാണ്? സര്‍ക്കാര്‍ നയം തിരുത്തണം. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാനും തയാറാകണം. എറണാകുളത്തു കെഎസ്‌യു – എസ്എഫ്ഐ പ്രശ്നത്തില്‍ പൊലീസിന്റെ നടപടികള്‍ തെറ്റാണ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവര്‍ക്ക് ഒരു നീതിയും ജാഥ നടത്തി കല്ലേറു കൊണ്ടവര്‍ക്കു മറ്റൊരു നീതിയുമെന്ന സ്ഥിതി അംഗീകരിക്കാനാവില്ല. രാത്രിയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി മോശമായി പെരുമാറുന്ന പൊലീസ് രീതി തെറ്റാണ്. അത്തരം നടപടികളില്‍ നിന്നു പൊലീസ് പിന്‍മാറണം.
സ്വാശ്രയ കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ വസതി സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ലെന്നു താന്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നതെന്നു സംശയമുണ്ട്. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന വനിതാ പൊലീസ് ഒാഫിസറെക്കുറിച്ചു പരാതിയില്ല. എന്നാല്‍, മറ്റ് ഉദ്യോഗസ്ഥരുടെ കാര്യം അങ്ങനെയല്ല. സംഭവത്തെക്കുറിച്ചു താന്‍ മുഖ്യമന്ത്രിക്കു വിശദമായ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.