
കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി നൂറുദ്ദീന്‍ (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ മന്ത്രിയും ഖാദിബോര്‍ഡ് വൈസ്ചെയര്‍മാനുമായിരുന്ന അദ്ദേഹം വീണുപരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് സാരമായതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ കണ്ണൂരിലെ ഒണ്ടേന്‍ റോഡിലുള്ള വീട്ടില്‍ നിന്ന് ഖാദിബോര്‍ഡ് ഓഫീസിലേക്ക് പോകാന്‍ വാഹനത്തിന് അടുത്തേക്ക് പോകവെ തെന്നിവീഴുകയായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ കയ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. ടി എന്‍ പ്രതാപന് പിന്മാറിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിഗണിച്ചെങ്കിലും നൂറുദ്ദീന്‍ തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. അഞ്ചുതവണ പേരാവൂരില്‍ നിന്ന് നിയമസഭയിലെത്തിയ നൂറുദ്ദീന്‍ 1982 87 കാലത്ത് കരുണാകരന് മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു. കബറടക്കം തിങ്കളാഴ്ച നാലുമണിക്ക് പുതിയങ്ങാട് ഹൈദ്രോസ് പള്ളിയില്‍ നടക്കും.