പാലക്കാട്: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ തനിക്കെതിരെയുള്ള സമരത്തിന് പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന ആരോപണവുമായി ശശികല ടീച്ചര്‍ രംഗത്ത്.
ജനകീയ പ്രതികരണവേദിയുടെ മറവില്‍ തന്നെ തടയാന്‍ വന്നത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പറയുന്നു. കുട്ടികളെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിച്ചതും ഇവരാണെന്നും അവര്‍ പറഞ്ഞു. സിനിമ സംവിധാനം പോലെ ആക്ഷന്‍, കട്ട് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കുട്ടികള്‍ പ്രവര്‍ത്തിച്ചത്. കുറച്ച് നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം പുറത്ത് കാത്ത് നില്‍ക്കുന്ന എസ്.ഡി.പി.ഐ നേതാക്കളുടെ നിര്‍ദ്ദേശത്തിനായി കുട്ടികള്‍ പോയത് എന്റെ വാദത്തെ സാധൂകരിക്കുന്നതാണ്.
അഞ്ച് മുതല്‍ +2 വരെയുള്ള ക്ലാസുകളിലായി 4070 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 70 ഓളം കുട്ടികള്‍ മാത്രമാണ് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. പല വലിയ സമരങ്ങളും തന്റെ 36 വര്‍ഷത്തെ ഈ സ്‌കൂളിലെ സേവനത്തിനിടയില്‍ കുട്ടികള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ആ സമരങ്ങളുടെ പത്തിലൊന്ന് ആവേശം പോലും കുട്ടികള്‍ക്കില്ലായിരുന്നു എന്നത് വ്യക്തമാണ്. 36 ജനറല്‍ ബോഡി യോഗങ്ങളും നൂറിലധികം പിടിഎ മീറ്റിങ്ങുകളും താന്‍ ഇവിടെ ജോലി ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. ഇവയില്‍ ഒന്നില്‍പ്പോലും, ഒരു മാതാപിതാക്കള്‍ പോലും തനിക്കെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അങ്ങനെയൊരു പരാതി ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാന്‍ ജനകീയ പ്രതികരണവേദിക്കാരെ വെല്ലുവിളിക്കുകയാണ്. ടീച്ചറിന്റെ ക്ലാസ്സില്‍ തന്നെ തന്റെ മക്കളെ പഠിപ്പിക്കണമെന്നു മുസ്ലിം സമുദായത്തില്‍പ്പെട്ട പല മാതാപിതാക്കളും പറഞ്ഞിട്ടുണ്ടെന്നും ശശികല പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അതിനെ പൊലീസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരിക്കുകയാണ്. ജുമാ നിസ്‌ക്കാരം കഴിഞ്ഞ് വെള്ളിയാഴ്ച പള്ളികളില്‍ നോട്ടീസ് വിതരണം ചെയ്തു. വൈകുന്നേരം ബോലോ തക്ബീര്‍ മുഴക്കി തനിക്കെതിരെ പ്രകടനം നടത്തിയത് ജനകീയ പ്രതികരണവേദിക്കാരാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും കെ പി ശശികല പറഞ്ഞു.
സിപിഎം സംഘടനകളാണ് വിഷയത്തില്‍ ആദ്യം സമരം തുടങ്ങിയതെങ്കിലും നിലവില്‍ ലീഗിന് ലഭിക്കുന്ന മുസ്ലിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ എസ്.ഡി.പിഐയാണ് ഇപ്പോല്‍ സമരം ചെയ്യുന്നത്. കേരളം പിടിച്ചെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബീഫ് ഫെസ്റ്റാണ് നടത്തിയതെങ്കില്‍, വല്ലാപ്പുഴ പിടിച്ചെടുക്കാന്‍ എസ്.ഡി.പി.ഐ ശശികല ഫെസ്റ്റാണ് ഇപ്പോള്‍ നടത്തുന്നത്. തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ ഇതുവരെ വിളിപ്പിച്ചിട്ടില്ല. ലോക്കല്‍ പൊലീസുപോലും തന്നോട് കേസിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാലക്കാട് ജില്ലയുടെ പാക്കിസ്ഥാനാണ് വല്ലാപ്പുഴ എന്ന പ്രസ്ഥാവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. യു.എസ്.എയില്‍ വച്ച് നടന്ന ഒരു അഭിമുഖത്തില്‍ ആങ്കര്‍ ചോദിച്ച ഉത്തരമായിട്ടാണ് താന്‍ അത്തരമൊരു മറുപടി പറഞ്ഞതെന്നും കെ പി ശശികല പറഞ്ഞു.
അതേസമയം തിങ്കളാഴ്ച കെ പി ശശികലയെ തടഞ്ഞാല്‍, അതേ രീതിയില്‍തന്നെ മറുപടി നല്‍കാനാണ് സംഘപരിവാര്‍ സംഘടകളുടെ തീരുമാനം. തിങ്കളാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകരോട് സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ ജില്ലാ കാര്യകാരി സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നാളെ മുതല്‍ സ്ഥലത്ത് കേന്ദ്രീകരിക്കുക.