കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്ക്കാരം കവി ശാന്തന്

നൂറനാട്: അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ടൈപ്പ്മാസ്റ്റർ കെ.രാമചന്ദ്രൻ്റെ പേരിൽ ശിഷ്യന്മാരും ബന്ധുമിത്രാദികളും ചേർന്ന് നൽകുന്ന ഒറ്റക്കവിതാ അവാർഡിന് കവി ശാന്തൻ്റെ ‘നീലധാര’ എന്ന കവിത അർഹമായി. ഭാഷാപോഷിണി സാഹിത്യ മാസികയിൽ വന്ന ‘നീലധാര’ എന്ന കവിതയ്ക്കാണ് അവാർഡ് .സവിശേഷമായ ഭാവസൗന്ദര്യം കൊണ്ട് ആസ്വാദകമനസ്സിൽ ഏറെ ശ്രദ്ധേയമായ കവിതയാണിത്. അദ്ധ്യാത്മികമായ വെളിച്ചം സൃഷ്ടിക്കുന്ന സങ്കല്പമാണ് ശാന്തൻ്റെ ഈ രചനയുടെ ശക്തി.

നാടിൻ്റെ വിദ്യാഭ്യാസവികസനത്തിൽ നിർണ്ണായക സംഭാവന ചെയ്ത വ്യക്തിയായിരുന്നു ന്നു കെ.രാമചന്ദ്രൻ.ചലച്ചിത്രകലയേയും സാഹിത്യത്തേയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മനസ്സിനുടമയായിരുന്നു അദ്ദേഹം. ഹൃദ്യമായ ചിരിയും സ്നേഹപൂർവ്വമുള്ള ശാസനയും വിശാലഹൃദയത്വവുമായിരുന്നു രാമചന്ദ്രൻസാറിൻ്റെ മുഖമുദ്ര എന്ന് സി.പി.ഐ നേതാവും കൃഷിവകുപ്പ് മന്ത്രിയുമായ പി.പ്രസാദ് അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്നുണ്ട്. കെ.രാമചന്ദ്രൻ്റെ മകനായ ഡോ.സുരേഷ് നൂറനാടാണ് അച്ഛൻ്റെ സ്മരണയ്ക്കായിട്ടുള്ള ഈ സാഹിത്യഅവാർഡ് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കലാമൂല്യമുള്ള ശ്രദ്ധേയമായ ഒരു കവിതയ്ക്ക് വർഷത്തിൽ ഒരിക്കൽ 5555 രൂപയും ശില്പവുവുമാണ് അംഗീകാരമായി നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021 ഡിസംബർ 5-ന് നൂറനാട്ട് നടക്കുന്ന കെ. രാമചന്ദ്രൻ അനുസ്മരണ ചടങ്ങിൽ വെച്ച് അവാർഡ് നൽകുന്നതാണ്. അവാർഡ് ജേതാവായ കവി ശാന്തൻ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ടെക്നിക്കൽ ഓഫീസറാണ്. അർബുദ ചികിത്സാരംഗത്ത് സ്നേഹത്തിൻ്റേയും മനുഷ്യത്വത്തിൻ്റേയും മുഖമായ ശാന്തൻ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുന്ന ‘അനുഭവം ‘എന്ന പംക്തിയിലൂടെ പ്രശസ്തനാണ്. മഴയിൽ ബൈക്ക് ഓടിക്കുമ്പോൾ, സുവർണ്ണചകോരത്തിൻ്റെ കഥ എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെതായി പുറത്തുവന്നിട്ടുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘മഴയിൽ ബൈക്ക് ‘ എന്ന കവിതാ സമാഹാരത്തിന് യുവകവികൾക്കുള്ള ആശാൻ പ്രൈസ് ലഭിച്ചിരുന്നു. തനിമ കവിത അവാർഡ് , കെ.രവീന്ദ്രൻ നായർ സ്മാരകപുരസ്ക്കാരം എന്നിവ നേടിയിട്ടുള്ള ശാന്തൻ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് ഓം ഹരിയിൽ ആർ.ഹരിദാസന്റെയും ബി. ഓമനയുടെയും മകനാണ്.

Top