ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 2019 ല്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ചിത്ര. 1979 ലാണ് ചിത്ര തന്റെ ആദ്യഗാനം റെക്കോഡ് ചെയ്യുന്നത്. 1980കളിലാണ് ചിത്ര സജീവമാകുന്നത്. സംഗീത ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് വാചാലയായ ചിത്ര തന്നെ ഏറെ വിഷമിപ്പിച്ച അനുഭവങ്ങളും പങ്കുവയ്ച്ചു. അതില്‍ ഏറെ മറക്കാനാവാത്തത് എ.ആര്‍റഹ്മാന്‍ ഷോയില്‍ സംഭവിച്ച ഒരു പിഴവായിയിരുന്നുവെന്ന് ചിത്ര പറഞ്ഞു.‘റഹ്മാന്‍ സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ ലൈനില്‍ സ്‌കെയില്‍ ചേഞ്ച് വരണം.
അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് ഞാന്‍ തുടങ്ങി. പക്ഷേ അവിടെ നിന്നല്ലായിരുന്നു ഞാന്‍ പാടേണ്ടത്. ഞാനല്ല സിനിമയില്‍ ആ പാട്ട് പാടിയത്. അതിന്റെയൊരു ആത്മവിശ്വാസക്കുറവ് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ നന്നായി പഠിച്ച് പ്രാക്ടീസ് ചെയ്ത് പോയതായിരുന്നു. ഇന്നും അത് ആലോചിക്കുമ്പോള്‍ ഒരു വിഷമമാണ്. എന്താണ് സംഭവിച്ചതെന്ന് റഹ്മാന് മനസ്സിലായില്ല’.‘മാലേയം മാറോടലിഞ്ഞു’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ പിന്നിലെ രസകരമായ കഥയും ചിത്ര പങ്കുവെച്ചു.
മോഹന്‍ലാല്‍ നായകനായ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് ശരതായിരുന്നു. ‘ഗുരുവായൂരപ്പനെ സങ്കല്‍പ്പിച്ചാണ് ഞാന്‍ ആ ഗാനം പാടിയത്. പക്ഷേ ശരത് വിവരിച്ചു തന്നപ്പോള്‍ തന്നെ എനിക്ക് ആ പാട്ടിന്റെ സാഹചര്യം അതല്ല എന്ന് തോന്നിയിരുന്നു. സിനിമയില്‍ കണ്ടപ്പോഴാണ് ശരിക്കും മനസ്സിലായത്.’ ലത മങ്കേഷ്‌കര്‍ ഒരിക്കല്‍ വിളിച്ച് അഭിനന്ദിച്ചതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നെന്ന് ചിത്ര പറഞ്ഞു. ലതാജിയുടെ 80ാം പിറന്നാളിന് നൈറ്റിങ്കേല്‍ എന്നൊരു സി.ഡി ഞാന്‍ ചെയ്തിരുന്നു. അത് ഞാന്‍ അറിയാതെ എന്റെ ഭര്‍ത്താവ് ലതാജിക്ക് അയച്ചു കൊടുത്തു.
അങ്ങനെ ഒരിക്കല്‍ എനിക്ക് ഒരു കോള്‍ വന്നു. ‘ലതാജി വാണ്ട്‌സ് ടു ടോക്ക് ടു യൂ’ എന്ന് വിളിച്ചയാള്‍ പറഞ്ഞു. ഞാന്‍ അത് വിശ്വസിച്ചില്ല. ലതാജി എന്നെ വിളിക്കുമോ? ആരെങ്കിലും പറ്റിക്കാന്‍ ചെയ്താതാകുമെന്ന് കരുതി ഡിസ്‌കണക്ടട് ചെയ്തു. പിന്നീട് വീണ്ടും വിളിച്ചു. മറുവശത്ത് നിന്ന് ഒരു കിളിനാദം. ഞാന്‍ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു, വിശ്വസിക്കാനായില്ല ചിത്ര പറഞ്ഞു. മുഖത്ത് നോക്കി കുറ്റവും കുറവും തുറന്ന് പറയുന്നവരെയാണ് തനിക്ക് ഇഷ്ടമെന്ന് ചിത്ര പറഞ്ഞു. ചിലര്‍ നമ്മളെ ഒരുപാട് പുകഴ്ത്തും. എന്നാല്‍ അസാന്നിധ്യത്തില്‍ കുറ്റം പറയും. അങ്ങനെയുള്ളവരെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമായി എടുക്കാറില്ല ചിത്ര കൂട്ടിച്ചേര്‍ത്തു.