
രാഷ്ട്രീയ ലേഖകൻ
കോട്ടയം: കണ്ണൂരിന്റെ മണ്ണിലെ കരുത്തനായ കോൺഗ്രസ് നേതാവ് കെ.സുധാകരൻ എന്നും കേരളത്തെ ഞെട്ടിച്ചിട്ടേയുള്ളൂ. പിണറായി വിജയനെ ചവിട്ടി താഴെയിട്ട കഥ പറഞ്ഞാണ് ഇപ്പോൾ സുധാകരൻ വീണ്ടും കേരളത്തെ ഞെട്ടിക്കുന്നത്.
വർഷങ്ങൾക്കു മുൻപായിരുന്നു ആ സംഭവം. തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോഴാണ് അത്. അന്നു കെഎസ്യുവിന്റെ കോട്ടയായിരുന്നു. അവിടെ പഠിച്ചിറങ്ങിയ പിണറായി വിജയൻ പരീക്ഷയെഴുതാൻ വന്നതാണ്. കൂടെ കുറേ എസ്എഫ്ഐക്കാരും വന്നു. എന്തോ കശപിശ ഉണ്ടായി കെഎസ്യു പ്രവർത്തകർ എസ്എഫ്ഐക്കാരെ അടിച്ചുതുരത്തുന്നു. ഞാൻ കോളജിന്റെ മുകളിലെ നിലയിൽ നിൽക്കുന്നു. അപ്പോഴാണ് പിണറായി വിജയൻ പടികയറി വരുന്നത്. നീ ആരാടാ ധാരാ സിങ്ങോ എന്നു ചോദിച്ചാണു വരവ്. പടികയറിവന്നതും ഞാൻ മുകളിൽനിന്ന് ഒരു ചവിട്ടു ചവിട്ടി. താഴെ വീണ വിജയനെ കെഎസ്യുക്കാർ തല്ലി. അന്നു തുടങ്ങിയ പോരാണ് പിണറായിയുമായി.അതേസമയം പിണറായി വിജയൻ കരുത്തൻതന്നെയാണെന്നു സുധാകരനും സമ്മതിക്കുന്നു. എനിക്കറിയാം വിജയന്റെ സംഘടനാപാടവവും ആസൂത്രണവുമൊക്കെ. കുറെ നല്ല ഗുണങ്ങൾ പിണറായിക്കുണ്ട്. പക്ഷേ ഹിറ്റ്ലറിന്റെ സ്വഭാവമാണ്. ജനാധിപത്യത്തിന് അതു ചേരില്ല. പിണറായി കഴിഞ്ഞാൽ കാമ്പുള്ള തന്റേടിയായ നേതാവ് പി.ജയരാജൻ മാത്രമാണ്. ബാക്കിയൊന്നും കാര്യമില്ല.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെരിക്കോസ് വെയിനിന്റെ ചികിൽസയ്ക്കായി എത്തിയ സുധാകരൻ മാധ്യമങ്ങളോടു മനസു തുറക്കുകയായിരുന്നു കഴിഞ്ഞ ദിവസം. കണ്ണൂരിലെ രാഷ്ട്രീയവും തിരുവിതാംകൂർ രാഷ്ട്രീയവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണു സുധാകരൻ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തെ സുധാകരൻ വിശേഷിപ്പിക്കുന്നതിങ്ങനെ. ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. മിണ്ടിയത് 1996ൽ അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ്. അന്നു ഞാൻ എംഎൽഎ ആയിരുന്നു. മണ്ഡലത്തിലെ കെഎസ്ഇബി വിഷയവുമായി ബന്ധപ്പെട്ട് ഒരു യോഗത്തിൽ ഒന്നോ രണ്ടോ ചോദ്യം, അതിന് ഉത്തരം. പിന്നെ ഇതുവരെ പിണറായിയുമായി ഫോണിൽപോലും സംസാരിച്ചിട്ടില്ല. രണ്ടോ മൂന്നോ ചടങ്ങുകളിൽ കണ്ടു. പക്ഷേ കാണാത്തപോലെ ഞങ്ങൾ ഇരുവരും ഒഴിഞ്ഞുപോയി. ഞാൻ അത് ആഗ്രഹിക്കുന്നില്ല. പിണറായിയുമായി നേരിട്ട് അടികൂടിയിട്ടുണ്ടെന്നും സുധാകരൻ പറയുന്നു.
എന്നെ കൊല്ലാൻ മൂന്നുതവണ ശ്രമിച്ച പാർട്ടിയാണ് സിപിഎം. അതിനു നേതൃത്വം കൊടുക്കുന്നവർ. ആരോടും ഞാൻ മിണ്ടാറില്ല. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചിരിക്കാൻ ശ്രമിക്കും. ഞാൻ അതിനും തയാറല്ല. കോടിയേരിയുടെ മകൻ ബിനിഷ് എവിടെവച്ചുകണ്ടാലും അങ്കിളേയെന്നു വിളിച്ച് സംസാരിക്കാൻ വരും. എന്നോടു സ്നേഹമുള്ളവരാണ് സിപിഎമ്മിലെ നേതാക്കളുടെ മക്കൾ പോലും. കോൺഗ്രസിൽ ഇതുവരെ എത്തേണ്ടിടത്ത് എത്താനായിട്ടില്ലെന്നു പറയുന്ന സുധാകരൻ ഓർമിപ്പിക്കുന്നു, കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു വരട്ടെ. ഞാൻ എന്റെ സ്ഥാനാർഥിത്വം അന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു.