കണ്ണൂര്‍: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ അടിയൊഴുക്കുകള്‍ക്കും അപ്രതീക്ഷിത ഗ്രൂപ്പ്മാറ്റങ്ങളിലേയ്ക്കും വഴിവെയ്ക്കുന്നു. ഹൈക്കമാന്റിന്റെ അപ്രതീയ്ക്ക് പാത്രമായ ഉമ്മന്‍ ചാണ്ടി പൂര്‍ണ്ണമായി തുടച്ച് മാറ്റപ്പെട്ടതോടെ വീണ്ടുമൊരു തിരിച്ചുവരവിന് തിരിച്ചുവരവിനാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന നിര്‍ദ്ദേശം മുന്നേട്ട് വച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് അത്ര എളുപ്പല്ലെന്നറിയാത്ത ആളല്ല ഉമ്മന്‍ ചാണ്ടി. പക്ഷെ സംഘടനാ തിരഞ്ഞെടുപ്പ് എന്നും തനിക്കനുകൂലമാകുമെന്ന ആത്മവിശ്വാസമാണ് ഹൈക്കമാന്റിനെ വെല്ലുവിളിച്ച് ഈ ആവശ്യത്തിനുവേണ്ടി നിലയുറപ്പിക്കാന്‍ കാരണം.
കോണ്‍ഗ്രസില്‍ സംഘടനാ തിരെഞ്ഞെടുപ്പ് നടത്തണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യത്തെ പിന്തുണച്ച് കെ.സുധാകരനുമെത്തിയതോടെ ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടി വിശ്വസ്തരാണ് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി വാദിച്ചതെങ്കില്‍ ഇപ്പോള്‍ കെ സുധാകരനും ഈ ആവശ്യവുമായി രംഗത്തെത്തുന്നതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടി സുധാകരന്‍ കൂട്ട് കെട്ടിന്റെ തുടക്കമാണ്.
ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് പാര്‍ട്ടിക്ക് പുറത്തേക്ക് എന്ന നിലയില്‍ എത്തി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്കൊപ്പം കെ സുധാകരനും ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുന്നു എന്ന വികാരം അണികളില്‍ ആശങ്കയുണ്ടാക്കിയട്ടുണ്ട്. ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം കെ.സുധാകരനും എന്ന വ്യക്തമായ തെളിവല്ലേ എന്ന് വിരുദ്ധചേരിയില്‍ ഉള്ളവര്‍ ഉന്നയിക്കുന്നു .അടുത്ത കെ.പി.സി .സി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള കെ.സുധാകരന്റെ വായില്‍ നിന്നു തന്നെ ഇങ്ങനെ ഒരു പ്രസ്താവന വന്നത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതയ്ക്ക് മങ്ങല്ലേറ്റിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിക്കൊപ്പം സംഘടനാ തിരെഞ്ഞെടുപ്പ് എന്ന വാദം ഉയര്‍ത്തിയത് ഹൈക്കമാന്റിനെ വെല്ലുവിളിക്കുന്ന നടപടി ആണെന്നും വിലയിരുത്തപ്പെടുന്നു .മാത്രമല്ല കെ.കരുണാകരന്‍ ആന്റണിയെ വെട്ടാന്‍ വയലാര്‍ രവിയെ ഇറക്കി തിരെഞ്ഞെടുപ്പു നടത്തിയതുപോലെ സംഘടനാതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ രംഗത്തിറക്കാനുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. കണ്ണൂര്‍ ഡി.സി സി. പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്ന കെ സുധാകരന്റെ നോമിനിയായ സതീശന്‍ പാച്ചേനിയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെയൊരു കാര്യമുന്നയിച്ചതെന്നതും ശ്രദ്ധേ യമാണ്. സംഘടനാ തിരഞ്ഞെടുപ്പെന്ന ഉമ്മന്‍ ചാണ്ടിയുടെ ആശയത്തെ പിന്തുണച്ച സുധാകരന് പ്രത്യേക പരിഗണ നല്‍കി സംസ്ഥാന വാര്‍ത്തയാക്കാനും മനരോമ ശ്രദ്ധിച്ചുവെന്നതും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകളാണ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെയുള്ള നേതൃത്വം വരേണ്ടത് അനിവാര്യതയാണെന്നും ഹൈക്കമാന്‍ഡ് അതിനു ധൈര്യം കാണിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആവശ്യപ്പെട്ടത്. ‘തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്നതു പാര്‍ട്ടിയില്‍ ബുദ്ധിമുട്ടേറിയതാണെന്നറിയാം. പക്ഷേ, എന്തു വേദന സഹിച്ചും കോണ്‍ഗ്രസില്‍ ജനാധിപത്യമുണ്ടാകണം. പ്രവര്‍ത്തകരുടെ വികാരം അറിഞ്ഞാകണം നേതാക്കളെ തിരഞ്ഞെടുക്കുന്നത്. അവര്‍ക്കു മാത്രമേ പ്രവര്‍ത്തകരുടെ മനസ്സ് അറിഞ്ഞു മുന്നോട്ടു പോകാന്‍ സാധിക്കൂ. നന്നായി പ്രവര്‍ത്തിക്കുന്നവരെ മാറ്റുന്നതു നീതികേടാണെന്നും തീരെ പ്രവൃത്തിക്കാത്തവരെ മാറ്റിയാല്‍ പോരേയെന്നും ഹൈക്കമാന്‍ഡ് പ്രതിനിധികളോടു ചോദിച്ചിരുന്നു. ഇപ്പോഴത്തേതു താല്‍ക്കാലിക സംവിധാനമെന്നാണു ഹൈക്കമാന്‍ഡ് പറയുന്നത്.
നേതൃമാറ്റത്തിന്റെ ഫലം എന്താണെന്നു കാലം തെളിയിക്കും. പുതിയ നേതാക്കള്‍ വന്നതു കൊണ്ടു മാത്രം കോണ്‍ഗ്രസ് നന്നാവില്ല. സിപിഎം, ബിജെപി എന്നീ കേഡര്‍ പാര്‍ട്ടികള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍, സെമി കേഡര്‍ പാര്‍ട്ടിയെങ്കിലുമാകാന്‍ കോണ്‍ഗ്രസിനു സാധിക്കണം. കെ.സുരേന്ദ്രന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കര്‍മനിരതനായിരുന്ന ഡിസിസി പ്രസിഡന്റാണ്. രണ്ടു തലമുറകളുടെ പ്രതിനിധിയാകാന്‍ കഴിയുന്നുവെന്നതാണു സതീശന്‍ പാച്ചേനിയുടെ നേട്ടം.’ കെ.സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ തഴയപ്പെട്ടു എന്നതില്‍ വൃണിതഹൃദയനായ ഉമ്മന്‍ ചാണ്ടിയുടെ ആദ്യ ആവശ്യം പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ്. ഇതേ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ കെ സി ജോസഫ് എംഎല്‍എയും സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടു. ‘പുതിയ നേതൃത്വം ഉണ്ടാകണം. ഇപ്പോഴാണു പറ്റിയ സമയം. ഭാരവാഹികളുടെ എണ്ണക്കൂടുതല്‍ കൊണ്ടു പ്രത്യേകിച്ചു ഗുണമില്ല. ഉത്തരവാദിത്തത്തോടെ പ്രവൃത്തിക്കുന്നതു ചിലര്‍ മാത്രമാണ്. മറ്റു ചിലര്‍ക്ക് ഇതു മേല്‍വിലാസം മാത്രമാണ്.’ കെ.സി.ജോസഫ് പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സുധാകരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് ശതക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍. കണ്ണൂര്‍ രഷ്ട്രീയത്തില്‍ ജനകീയനായ സുധാകരന് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന ഗ്രൂപ്പിനതീതമായ പിന്തുണയും അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്നാണ് ഉമ്മന്‍ ചാണ്ടി കരുതുന്നത്. എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പിനെ തല്‍ക്കാലം ഹൈക്കമാന്റ് അംഗീകരിക്കില്ലെന്ന് തന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതുന്നത്. അത് കൊണ്ട് തന്നെ സുധാകരന്റെ ഈ നീക്കം ഹൈക്കമാന്റിന്റെ ശത്രുതയ്ക്ക് കാരണമാകുന്നതിന് മാത്രമേ ഉപകരിക്കൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നു.