കാസര്‍കോട്:ഒടുവില്‍ ഇലക്ഷന്‍ ഹര്‍ജി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തിരിഞ്ഞുകൊത്തുന്ന വിധത്തിലേക്ക് എത്തുന്നു.മഞ്ചേശ്വരംമണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ബിജെപിയിലെ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച കേസില്‍ വാദം തുടരവേ ആണ് തുടര്‍ച്ചയായി സുരേന്ദ്രന്റെ വാദത്തെ പൊളിക്കുന്ന തെളിവുകള്‍ കോടതിയില്‍ എത്തുന്നത്.തെളിവുകള്‍ക്കായി കോടതി സമന്‍സ് അയച്ച ഏഴുപേര്‍ നാളെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും.
പ്രവാസികളായ ഉപ്പള പച്ചമ്പളയിലെ ഏഴ് പേരുടെ കള്ളവോട്ടുകള്‍ ചെയ്തുവെന്ന് കാണിച്ച് സുരേന്ദ്രന്‍ നല്‍കിയ അന്യായത്തില്‍ കോടതി സമന്‍സ് അയച്ച ഏഴുപേരാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുക. ഉപ്പള പച്ചമ്പളയിലെ അബൂബക്കറിന്റെ ഭാര്യ സാറാബി, ബി എച്ച് മുഹമ്മദ്, മുഹമ്മദിന്റെ ഭാര്യ നഫീസ, യൂസഫിന്റെ മകന്‍ അബ്ദുര്‍റസാഖ്, അബ്ദുല്‍ഖാദറിന്റെ മകന്‍ യൂസഫ്, ഇബ്രാഹിം യൂസഫിന്റെ മകന്‍ അബ്ദുല്ല, അബ്ദുല്ലയുടെ മകള്‍ ഫാത്തിമത്ത് ഷഹനാസ് എന്നിവരാണ് കോടതിയില്‍ ഹാജരാവുന്നത്.
ഇന്നു വൈകിട്ട് ഇവര്‍ കാസര്‍കോട് നിന്നും യാത്ര തിരിച്ചു. ഇതില്‍ സാറാബിക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. മറ്റുള്ളവര്‍ക്കൊന്നും പാസ്‌പോര്‍ട്ടില്ല. എന്നാല്‍ ഇവരാരും ഗള്‍ഫിലും പോയിട്ടില്ല. പ്രവാസികളാണെന്നും ഇവരുടെ വോട്ട് കള്ളവോട്ട് ചെയ്‌തെന്നും ആരോപിച്ചാണ് സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. അതിനിടെ മരിച്ചുവെന്ന് ആരോപിച്ച് ഫയല്‍ ചെയ്ത കേസിലുള്ള ആളുകളും കോടതിയില്‍ ഹാജരായി തെളിവ് നല്‍കിയിരുന്നു.കഴിഞ്ഞ ആഴ്ച്ച തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ 'പരേതന്‍’ നേരിട്ട് ഹാജരായി താന്‍ വോട്ടു ചെയ്തെന്ന് വ്യക്തമാക്കി. ഹമീദ് കുഞ്ഞിയെന്ന വോട്ടറാണ് ഇന്നലെ ഹൈക്കോടതിയുടെ സമന്‍സ് അനുസരിച്ച് ഹാജരായി മൊഴി നല്‍കിയത്.
മഞ്ചേശ്വരത്തെ പി.ബി. അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കാന്‍ ബി.ജെ.പി നേതാവായ കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ മരിച്ചവരുടെയും വിദേശത്ത് ജോലി നോക്കുന്നവരുടെയും പേരില്‍ കള്ളവോട്ട് നടന്നതായി ആരോപിച്ചിരുന്നു. മരിച്ചുപോയവരുടെ പട്ടികയിലാണ് ഹമീദ് കുഞ്ഞിയെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തന്റെ പേരില്‍ കള്ളവോട്ടു നടന്നെന്ന ആരോപണം തെറ്റാണെന്നും താന്‍ വോട്ടു രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ടു നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് 259 വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകുന്നതിന് സമന്‍സ് നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചു തെളിവെടുപ്പ് നടന്നു വരികയാണ്.