
മംഗളുരു: ശനിയാഴ്ച മംഗളുരു നഗരത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ വിവാദ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. അടിക്ക് തിരിച്ചടിയും, കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഇപ്പോള്‍ അടിയും കൊലയും നിര്‍ത്തിവെച്ചിരിക്കുകയാണ്, എന്നാല്‍ വെറുതെ വിടുമെന്ന് കരുതേണ്ട. സിപിഎമ്മുകാര്‍ ഇന്ത്യയില്‍ എവിടെ പോയാലും, അവിടെ തടയാന്‍ ബി.ജെ.പിക്കാര്‍ ഉണ്ടാകും. മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ സമ്മതിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് വന്നതിന് ശേഷം ആര്‍.എസ്.എസിന്റെ പ്രതിഷേധത്തിന് മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മംഗലാപുരത്ത് ശനിയാഴ്ച്ച എത്തുന്ന പിണറായി വിജയന്‍ മതസൗഹാര്‍ദ്ദ റാലിക്ക് പുറമെ വാര്‍ത്താഭാരതി കന്നഡ പത്രത്തിന്റെ പുതിയ കോംപ്ലെക്‌സിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. ബജ്റംഗദളും വിശ്വഹിന്ദു പരിഷത്തും അന്നേദിനം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സ്വന്തം സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നേതാവാണ് പിണറായിയെന്നും അതിനാല്‍ അദ്ദേഹം ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്നും നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ്സിനെതിരെ ആക്രമണം നടക്കുകയാണെന്ന സംഘപരിവാര്‍ വാദത്തിന് ദേശീയതലത്തില്‍ പ്രചരണം ലഭിക്കാനാണ് പിണറായി വിജയനെ ആ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ തടയാന്‍ സംഘപരിവാര്‍ ഒരുങ്ങുന്നത്. നേരത്തെ ഭോപ്പാലില്‍ പിണറായിയെ തടഞ്ഞപ്പോള്‍ ‘കേരളത്തിലെ സിപിഐ(എം) ആക്രമണത്തെ തുടര്‍ന്ന് കേരളാ മുഖ്യമന്ത്രിയെ തടഞ്ഞു’ എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് സംഘപരിവാര്‍ ഗുണപരമായാണ് നോക്കിക്കാണുന്നത്.