
ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. മെഡിക്കല്‍ കോഴ ആരോപണം മറികടക്കാനാണ് ബിജെപി അക്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം അഴിച്ചുവിട്ടതാണെന്ന പ്രതിപക്ഷ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചു. അഴിമതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.