ചെന്നൈ: ലോകം മുഴുവനും സ്വീകരിച്ച രജനികാന്ത് ചിത്രം കബാലി കോടികളാണ് വാരിക്കൂട്ടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിലീസിന് മുമ്പ് തന്നെ 200 കോടിയിലേറെ നേടിയെന്നാണ് സിനിമയുടെ നിര്‍മ്മാതാവ് അവകാശപ്പെട്ടതും. എന്നാല്‍ കാബാലി പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചെന്ന പരാതിയുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയതോടെ കാബാലിയുടെ പ്രചരണങ്ങള്‍ പൊള്ളയായിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
ട്രിച്ചി, തഞ്ചാവൂര്‍ മേഖലകളിലുള്ള തിയറ്റര്‍ ഉടമകള്‍ 2 കോടിയിലേറെ തങ്ങള്‍ക്ക് നഷ്ടമുണ്ടായെന്ന് കാട്ടി രജനീകാന്തിന് കത്തയച്ചതോടെയാണ് കബാലിയുടെ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സംശയം ഉയര്‍ന്നത്. തഞ്ചാവൂരിലും ട്രിച്ചിയിലുമുള്ള തിയറ്റര്‍ ഉടമകള്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്ത് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി കലൈപുലി താണുവിനെയും രജനീകാന്തിനെയും സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്. നിര്‍മ്മാതാവ് താണുവുമായി ഇക്കാര്യത്തില്‍ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും ഫലം ഉണ്ടായില്ലെന്ന് തിയറ്ററുടമകള്‍ പറയുന്നു.
ട്രിച്ചിതഞ്ചാവൂര്‍ മേഖലയിലുള്ള വിതരണാവകാശം 7 കോടി രൂപയ്ക്ക് ജോസഫ് ഫ്രാന്‍സിസ് എന്നയാള്‍ക്ക് നല്‍കിയതാണെന്നും തിയറ്ററുടമകളുടെ നഷ്ടത്തിന് താന്‍ ഉത്തരവാദി അല്ലെന്നുമാണ് കലൈപുലി എസ് താണുവിന്റെ നിലപാട്. എംജിആര്‍ ഫിലിം സിറ്റി തിയറ്റര്‍ ഉടമകളുടേതാണ് പ്രധാന പരാതി. സിനിമ 125 ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തിയറ്ററുകളില്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന പരാതിയുമായി ആളുകള്‍ വരുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും താണു പറയുന്നു.
രജനീകാന്തിന്റെ ലിംഗാ എന്ന ചിത്രം തകര്‍ന്നടിഞ്ഞ സമയത്ത് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മധുരൈയിലും ട്രിച്ചിയില്‍ നിന്നുമായി എത്തിയ തിയറ്റര്‍ ഉടമകള്‍ രജനീകാന്തിന്റെ വീടിന് മുന്നില്‍ പിച്ചയെടുക്കല്‍ സമരം നടത്തിയും പ്രതിഷേധിച്ചും സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രജനീകാന്തിന്റെ സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യവും കലൈപുലി എസ് താണുവും ഇടപെട്ടാണ് അന്ന് പ്രശ്നപരിഹാരമുണ്ടായത്.