ന്യൂഡല്‍ഹി: കയ്പമംഗലം നല്‍കാമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളി ആര്‍എസ്പി. അരൂര്‍ മണ്ഡലം തന്നെ കിട്ടണമെന്നാണ് ആവശ്യം. ആര്‍എസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം കയ്പമംഗലം ആര്‍എസ്പിക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ ചത്തതിനു ശേഷം മതി ആര്‍ എസ് പി എന്ന പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഈ ആവശ്യമുന്നയിച്ച് പ്രദേശികമായി പ്രകടനങ്ങളും നടന്നു.
അരൂര്‍ സീറ്റ് ആര്‍എസ്പിയ്ക്ക് നേരത്തേ വാഗ്ദാനം ചെയ്തിരുന്നതാണ്. മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടി.എന്‍. പ്രതാപന്‍ കയ്പമംഗലത്ത് മത്സരിക്കുന്നില്ല എന്ന തീരുമാനമാണ് ആ സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്. എന്നാല്‍ കയ്പമംഗലം ആര്‍എസ്പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആര്‍എസ്പിയുടെ നിലപാട്.
അരൂര്‍ സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കാമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. അതനുസരിച്ച് സ്ഥാനാര്‍ഥി നിര്‍ണയവും നടത്തി. ഇപ്പോള്‍ സീറ്റ് അരൂരല്ല കയ്പമംഗലത്താണെന്ന് പറഞ്ഞാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമുണ്ടാക്കുെമന്നുമാണ് ആര്‍എസ്പി നേതൃത്വത്തിന്റെ നിലപാട്.