തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത പൈങ്കിളിവത്കരിച്ചതില്‍ മാപ്പ് പറഞ്ഞ് കൈരളി പീപ്പിള്‍ ചാനല്‍. വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ് കടന്നുകൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ തങ്ങളുടെ നയത്തിന്റെ ഭാഗമല്ല.
നയത്തിന് വിരുദ്ധമായി കടന്നുകൂടിയ തെറ്റ് വലിയ പിഴവായി വിലയിരുത്തുന്നു. സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും കൈരളി ചാനല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. അതേ സമയം ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ചാനല്‍ വാര്‍ത്ത നല്‍കിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍ ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നതിന് പിന്നാലെയാണ് കൈരളിയുടെ ഖേദ പ്രകടനം. ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു? എന്നും റിമ ചോദിച്ചിരുന്നു.
നടിയെ ആക്രമിച്ച വാര്‍ത്ത പ്രൈംടൈം ചര്‍ച്ചയാക്കി സെന്‍സേഷനലൈസ് ചെയ്‌തെന്നും ഇരയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കൈരളി പീപ്പിളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.