
കേരളം ഇന്ന് കണ്ണ് തുറന്നത് തന്നെ സോഷ്യമീഡിയയിലൂടെ പ്രചരിക്കുന്ന ഷാജിലയുടെ ഫോട്ടോ കണ്ടുകൊണ്ടാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളുടെ ദ്യശ്യങ്ങള്‍ക്കിടയിലാണ് ഷാജിലയുടെ ഫോട്ടോയും വൈറലായത്. ഹൃദയത്തില്‍ നിന്നും പൊന്തിവന്ന ദുഖം സഹിക്കാനാകാതെ കരയുമ്പോഴും തന്റെ ക്യമാറ ചലിപ്പിക്കുന്ന യുവതി അതാണ് ഷാജില അലി ഫാത്തിമ.
ടിയര്‍ ഗ്യാസിന്റെ പുകച്ചുരുളുകള്‍ക്കു നടുവില്‍ നിന്നു കൊണ്ട് യുദ്ധസമാനമായ അന്തരീക്ഷത്തിന്റെ ഹൃദയഭാഗത്തു നിന്നു കൊണ്ട് തന്റെ ജോലി സധൈര്യം തുടര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. കണ്ണുനിറഞ്ഞൊഴുകുമ്പോഴും കര്‍ത്തവ്യത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ നിന്ന ചങ്കൂറ്റമുള്ള പെണ്ണ്. കൈരളി പീപ്പിള്‍ ചാനലിലെ ക്യാമറവുമണ്‍ ഷാജില വാര്‍ത്തകളില്‍ നിറയുകയാണ്.
ദൈന്യത നിറഞ്ഞ മുഖവും നിശ്ചയദാര്‍ഢ്യമുള്ളൊരു മനസുമായി നിന്ന ഷാജിലയെ സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അവള്‍ക്ക് ചിലത് പറയാനുണ്ട്. തിരുവനന്തപുരത്തെ സെക്രട്ടറേറിയേറ്റ് നടയ്ക്കല്‍ നടന്ന കടന്നു പോയ യുദ്ധസമാനമായ നിമിഷത്തെക്കുറിച്ച്, ഒരു വമ്പന്‍മാര്‍ക്കു മുന്നിലും മുട്ടുമടക്കാത്ത മാധ്യമ പ്രവര്‍ത്തകയുടെ കര്‍ത്തവ്യത്തെക്കുറിച്ച്.
അഞ്ച് വര്‍ഷത്തെ തന്റെ മാധ്യമ ജീവിതത്തിനിടയില്‍ താന്‍ നേരിട്ട ഏറ്റവും വിഷമകരമായ സാഹചര്യമായിരുന്നു അതെന്ന് ഷാജില ഓര്‍ക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു സമരക്കാര്‍ നടത്തിയതെന്നും ഷാജില പറയുന്നു.
‘സഹപ്രവര്‍ത്തകരില്‍ പലരേയും അവര്‍ ആക്രമിച്ചു. എന്നെയും അക്രമിക്കും എന്ന ഘട്ടമെത്തിയപ്പോള്‍ ഞാന്‍ ഓടി. റോഡിന് മറുവശത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറിനടുത്തെത്തി. സമീപത്ത് നിറയെ ഫ്‌ളക്‌സുകള്‍ ഉണ്ടായിരുന്നു. ഈ സമയം ആ ഫ്‌ലക്‌സുകള്‍ അക്രമകാരികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിന്റെ വിഷ്വലുകള്‍ ഞാന്‍ പകര്‍ത്തുകയും ചെയ്തു. അത് മനസിലാക്കിയതു കൊണ്ടാകണം അവര്‍ എനിക്കു നേരെ വീണ്ടും പാഞ്ഞടുത്തു. ‘നീ ഏതിലെയാടീ? ഈ വിഷ്വലെങ്ങാനും ടീവിയില്‍ പോയാല്‍ നിന്നെ വച്ചേക്കില്ല’ എന്നു പറഞ്ഞ് എന്നെയും അക്രമിച്ചു തുടങ്ങി. കുറേ ചീത്ത വിളിച്ചു. ആ സമയത്ത് ഒരാള്‍ പിറകില്‍ കൂടി വന്ന് എന്നെയും ക്യാമറയും അടക്കം ചുറ്റിപ്പിടിച്ചു. ബലം പ്രയോഗിച്ചു. ക്യാമറ ഷെയ്ക്കായി. പിന്നീട് ഓഫായി. ഞാന്‍ നിലവിളിച്ചു പോയി. മറ്റൊരു മാധ്യമപ്രവര്‍ത്തകനെത്തിയതാണ് അവരെ പിടിച്ചു മാറ്റിയത്. എന്നെ വലിക്കുന്നതിനിടയില്‍ എന്റെ പിടലി ഉളുക്കി. ആ സമയത്ത് കരയുന്നതാണ് പത്രത്തില്‍ വന്ന ചിത്രം. ആരെടുത്തു എന്നു പോലും എനിക്കറിയില്ല.’- ഷാജില ഓര്‍ക്കുന്നു.
ഡിടിപി ഓപ്പറേറ്ററായാണ് കരിയര്‍ തുടങ്ങുന്നത്. ഇഷ്ടത്തോടെയല്ല ഈ രംഗത്തേക്ക് വരുന്നത്. പക്ഷേ ഇപ്പോള്‍ ഈ ജോലിയെ താന്‍ വളരെയധികം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ഷാജില പറയുന്നു. താന്‍ കരയുന്ന രംഗം കണ്ട് വീട്ടില്‍ ഉമ്മയും സഹോദരിമാരും കരച്ചിലായിരുന്നു. അവരേ ഉള്ളൂ വീട്ടില്‍. ഉപ്പ കഴിഞ്ഞ വര്‍ഷം മരിച്ചതാണ്. ഒരുപാട് പേര്‍ ഫെയ്‌സ്ബുക്കില്‍ എന്റെ ചിത്രം ഷെയര്‍ ചെയ്തു എന്നറിഞ്ഞു. എല്ലാരോടും സ്‌നേഹം മാത്രം- ഷാജില പറഞ്ഞു നിര്‍ത്തി.