തൃശ്ശൂര്‍: മണിയുടെ മരണം അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനം. ആത്മഹത്യയോ കൊലപാതകമോ അല്ല കരള്‍ രോഗമുണ്ടായിരുന്നിട്ടും അമിതമായി മദ്യപിച്ചതാണ് മരണകാരണമെന്ന നിഗമനത്തിലേക്കാണ് പോലീസ് നിങ്ങുന്നത്. രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനി ഭക്ഷണത്തില്‍ നിന്ന് ശരിരത്തിലേക്ക് എത്തിയതാകാമെന്നും പോലീസ് കരുതുന്നു.
മണിയുടെ വീട്ടുകാര്‍ സഹായികള്‍ക്കെതിരെ തിരിഞ്ഞ് പ്രസ്താവന നടത്തിയതോടെയാണ് മണിയുടെ മരണത്തിലുള്ള അന്വേഷണം ഊര്‍ജ്ജിതമായത്. ഇതോടെ മണിയുടെ ശരീരത്തിലെ കീടനാശിനിയുടെ അളവുണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവന്നു. കൂടാതെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും കരള്‍ രോഗം മൂര്‍ച്ഛിച്ചുള്ള സ്വാഭാവിക മരണം ആണെന്നുള്ള കണ്ടെത്തലിലാണ് എത്തി നില്‍ക്കുന്നത്.
മണിയുടെ അടുപ്പക്കാരെയും ബന്ധുക്കളെയും അടക്കം 200ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകആത്മഹത്യാ സാധ്യതകള്‍ ഇവരെല്ലാം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. മരണം ഗുരുതര കരള്‍രോഗംകൊണ്ടാകാമെന്നു ഫൊറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു ശേഷമേ അന്തിമ റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കുകയുള്ളൂ.
കീടനാശിനി ഉള്ളില്‍ച്ചെന്നതാണ് മണിയുടെ മരണത്തിനു കാരണമായത് എന്ന വാദം തള്ളിക്കളയുന്നതാണ് ലാബ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്നാണ് സൂചനയുള്ളത്. ആന്തരീകാവയവങ്ങളുടെ പരിശോധനയില്‍ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇതു നേരിയ അളവില്‍ മാത്രമേയുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇത് കഴിച്ച ഭക്ഷണങ്ങളില്‍ നിന്നും ശരീരത്തില്‍ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍.
കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാല്‍ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പ് പരിശോധിച്ച ഡോക്ടറും ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും അറിയിച്ചതും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് മണിയെ ചികില്‍സിച്ച അമൃത ആശുപത്രിയില്‍ നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി സൂചനയില്ല.
അതീവ ഗുരുതരമായ കരള്‍ രോഗവും ആശുപത്രിയില്‍ വച്ചുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന ആദ്യ നിഗമനം ശരി വയ്ക്കുന്നതാണ് ഇതുവരെയുള്ള കണ്ടെത്തലുകള്‍. എന്നാല്‍, കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം കണ്ടസ്ഥിതിക്ക് ഇത് എങ്ങിനെയുണ്ടായി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മണിയുടെ കരളിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലായിരുന്നു. പല ദിവസങ്ങളായി കഴിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനി പ്രവര്‍ത്തനരഹിതമായ കരളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അന്തിമനിഗമനത്തിലെത്താന്‍ ആന്തരികാവയവങ്ങളുടെ പുനഃപരിശോധനാ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ടി വരും.
ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കരളിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയായിരുന്നതിനാല്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വയറിലെത്തിയ കീടനാശിനിയുടെ അംശം അടിഞ്ഞുകൂടിയതാകാനാണ് സാധ്യത. മരണസമയത്തു മണി പ്രകടിപ്പിച്ച അസ്വസ്ഥതകളും കരള്‍രോഗത്തിന്റേതാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
മണിയെ ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്ന വിവരം എല്ലാവര്‍ക്കും അറിവുള്ളത്. ഇക്കാര്യ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമാണ് താനും. മദ്യപാനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട അവസ്ഥയില്‍ വീണ്ടും അമിതമായി മദ്യപിച്ചാല്‍ ആന്തരികാവയവങ്ങളിലെ രക്തചംക്രമണ ശൃംഖലയ്ക്ക് തകരാര്‍ സംഭവിക്കാം. അന്നനാളത്തിനു ചുവട്ടിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാകാനും ഛര്‍ദിക്കാനും ഇടയാകും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അമിതമായ മദ്യപാനത്തെ തുടര്‍ന്ന് മണിയുടെ കരള്‍രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
കരള്‍രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കീടനാശിനി പോലുള്ള രാസവസ്തുക്കള്‍ പുറന്തള്ളപ്പെടാതെ വരും. ഇവ വയറ്റിനുള്ളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഒരുമാസം വരെ പോലും ഇവ അടിഞ്ഞുകിടക്കാം. ഇതാവാം ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസിന്റെ അംശം എന്നാണ് പൊലീസിന്റെ നിഗമനം. വായിലൂടെ വിഷം ഉള്ളില്‍ ചെന്നിരുന്നുവെങ്കില്‍ വായിലും അന്നനാളത്തിലും ആമാശയത്തിലുമൊക്കെ ഇവയുടെ അംശം കണ്ടെത്തുമായിരുന്നു. അങ്ങനെ കണ്ടെത്താത്തത് മണി ആത്മഹത്യ ചെയ്തില്ലെന്നതിന്റെ തെളിവായി വിലയിരുത്തുന്നു.
കാക്കനാട്ടെ ഗവ. ലാബില്‍ നടന്ന ആന്തരാവയവങ്ങളുടെ പരിശോധനയിലാണ് കരളില്‍ കീടനാശിനിയുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. ഇവിടെയും അളവ് തിട്ടപ്പെടുത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂക്ഷ്മവും വിദഗ്ദ്ധവുമായ പരിശോധനയ്ക്ക് ആന്തരാവയവങ്ങള്‍ ഹൈദരാബാദിലെ സ്വകാര്യ ലാബിലേക്ക് അയച്ചിരിക്കയാണ്. മെഥനോളിന്റെ സാന്നിദ്ധ്യവും മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലിവര്‍ സിറോസിസിന് പുറമേ മണിയുടെ രണ്ടു വൃക്കകളും തകരാറിലുമായിരുന്നു. ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം സൂചിപ്പിക്കാത്തതിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാക്കനാട്ടെ ലാബില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടാണിത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ മണിയുടെ കരളിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. പഴുപ്പ് ബാധിച്ച കരളിന് ചെറിയ വിഷം പോലും വേര്‍തിരിച്ച് ശുദ്ധീകരിക്കാനുള്ള ശേഷി ഇല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
സലാഡ് വെള്ളരി പോലുള്ള പച്ചക്കറികളില്‍ നിന്നാകാം കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തില്‍ എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഹൈദരാബാദ് ലാബിലെ പരിശോധനയില്‍ കീടനാശിനിയുടെ അംശം കൂടുതലായി കാണുകയാണെങ്കില്‍ ഈ അനുമാനത്തില്‍ നിന്ന് പൊലീസിന് മാറി ചിന്തിക്കേണ്ടി വരും. അമൃത ആശുപത്രിയില്‍ നടന്ന രക്തം, മൂത്രം ഉള്‍പ്പെടെയുള്ളവയുടെ പരിശോധനകളില്‍ മിഥൈല്‍ ആല്‍ക്കഹോള്‍, ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്തിയത്. ഇതു വീണ്ടും ഗവ. ലാബിലേക്ക് അയച്ചിട്ടുണ്ട്.