തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ഏറെ വിവാദമാകുന്നതില്‍ പങ്കുവഹിച്ച കാക്കനാട് റീജനല്‍ കെമിക്കന്‍ ലബോറട്ടറിയും നിലപാട് മാറ്റി. ഇതോടെ മണിയുടെ മരണം സ്വാഭാവികമാണെന്ന അന്തിമ നിഗമനത്തിലേക്ക് തന്നെയാണ് അന്വേഷണ സംഘം നീങ്ങുന്നത്. കാക്കനാട് ലാബ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തിരുത്തിയെങ്കിലും നിരവധി ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് അന്വേഷണം അനസാനിപ്പിക്കുന്നത്.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയതു കീടനാശിനി ആണെന്ന് ഉറപ്പില്ലെന്നും കീടനാശിനിയുമായി സാദൃശ്യമുള്ള മിശ്രിതങ്ങളാകാമെന്നും ജോയിന്റ് കെമിക്കല്‍ എക്‌സാമിനറുടെ പുതിയ മൊഴി. ഇതോടെ മണിയുടെ മരണം സ്വാഭാവികമാണെന്ന് പൊലീസ് നിഗമനത്തിന് ശക്തികൂടുകയും ചെയ്തു. എന്നാല്‍ മണിയുടെ കുടുംബം അന്വേഷണത്തില്‍ തൃപ്തരല്ലെന്നാണ് സൂചന. സിബിഐ അന്വേഷണത്തിന് അവര്‍ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന.
മണിയുടെ ശരീരത്തില്‍ കണ്ടെത്തിയതു കീടനാശിനിയാണെന്ന മുന്‍ രാസപരിശോധനാഫലത്തില്‍നിന്നു മലക്കം മറിയുകയാണ് ലാബ്. മരണകാരണമായ അളവില്‍ ഒരു വിഷത്തിന്റെയും സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്നു കാക്കനാട് റീജനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ആന്തരികാവയവ പരിശോധന നടത്തിയ ജോയിന്റ് എക്‌സാമിനര്‍ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കീടനാശിനി സാന്നിധ്യമാണ് മരണകാരണമെന്നു പറയാനാകില്ലെന്നും മൊഴിയിലുണ്ട്. ഇതും മുന്‍ റിപ്പോര്‍ട്ടിന് വിരുദ്ധമാണ്. മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്ന ആദ്യ ആന്തരികാവയവ പരിശോധനാ റ!ിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം ശരീരത്തിലുണ്ടെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്.
എന്നാല്‍, കീടനാശിനി സാന്നിധ്യം കണ്ടെത്താന്‍ ജിസിഎംഎസ് അനാലിസിസ് നടത്തിയപ്പോള്‍ കംപ്യൂട്ടര്‍ ലൈബ്രറിയിലുണ്ടായിരുന്ന ക്ലോര്‍ പൈറിഫോസ് എന്ന മിശ്രിതവുമായാണ് പരിശോധനാഫലം ചേര്‍ന്നത്. അതുകൊണ്ടാണ് മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന നിഗമനത്തിലെത്തിയത്. ലൈബ്രറിയിലെ കീടനാശിനി മിശ്രിതവുമായി ‘മാച്ച്’ ചെയ്യുന്നു എന്ന നിഗമനത്തിനു പിന്നില്‍ മുന്‍വിധികള്‍ ഉണ്ടായിരുന്നില്ല. ആന്തരികാവയവമായ വിസറ ചുരുങ്ങിയിരുന്നതുകൊണ്ടാണ് വിഷം ഉള്ളില്‍ച്ചെന്നതായി സംശയിച്ചതെന്നും ഇപ്പോള്‍ പറയുന്നു. മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടതിനു പിന്നിലും ദുരൂഹതയില്ല. ബീയര്‍ അമിതമായി കഴിച്ചാല്‍ മെഥനോള്‍ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ മൊഴി.
അതായത് മണിയുടെ മരണത്തില്‍ ഒരു ദുരൂഹതയുമില്ലെന്ന് വരികെയാണ്. മണിയുടെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിശോധനാ ഫലം വന്നാല്‍ മാത്രമേ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂ. ഏതായാലും മരണത്തില്‍ അസ്വാഭാവികത സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്നതാണ് പുതിയ മൊഴിയും. അമിത മദ്യപാനവും കരള്‍ രോഗവും മണിയുടെ മരണത്തിന് കാരണമായെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള മൊഴികളും തെളിവുകളും മാത്രമേ പൊലീസിന് ലഭിച്ചിട്ടുള്ളൂ.
മണിയെ മരണത്തിലേക്ക് നയിച്ചത് കീടനാശിനിയല്ലെന്ന നിഗമനത്തിന് ബലം നല്‍കുന്നതാണ് ലാബ് ഡയറക്ടറുടെ മൊഴിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എന്നാല്‍ മണിയുടെ ഭാര്യയും ബന്ധുക്കളും ഇപ്പോഴും ദുരൂഹത ആരോപിക്കുന്നു. ഇവരുടെ വാദങ്ങള്‍ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സാംബവമഹാസഭ ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി.കെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി സഭ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. പൊലീസ് അന്വേഷണത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. മണിയുടെ സഹോദരന്റെയും ബന്ധുക്കളുടേയും പരാതികള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു