
തിരുവനന്തപുരം: സിനിമാതാരം കലാഭാവന്‍ മണി ഇത്തവണ തിരഞെടുപ്പങ്കിത്തിന് തയ്യാറായതായി സൂചന. ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരം രംഗത്തിറങ്ങാന്‍ താരം സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മുന്‍എസ്എഫ് ഐ നേതാവ് സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവും എറണാകുളം ജില്ലയില്‍ മത്സരം രംഗത്തുണ്ടാകുമെന്നും സൂചനകളുണ്ട്. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് പ്രാഥമീക വിവരം. നേരത്തെ റിമ കല്ലിങ്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ കലാഭവന്‍ മണി കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സിപിഎം നേതാക്കള്‍ നല്‍കുന്ന വിവരം നിലവില്‍ യുഡിഎഫ് ചായവ് പ്രകടിപ്പിക്കുന്ന മണ്ഡലത്തില്‍ കലാഭവന്‍ മണിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.
സംവരണ മണ്ഡലമായ കുന്നത്തുനാടിനെ ഇപ്പോള്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ് നേതാവായ വി.പി. സജീന്ദ്രനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8,732 വോട്ടുകള്‍ക്കാണ് സജീന്ദ്രന്‍ സിപിഎമ്മിലെ എം.എ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. സജീന്ദ്രന്‍ തന്നെയായിരിക്കും നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായികഴിഞ്ഞു.
മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാണ്. ഈ സാഹചര്യത്തിലാണ് കലാഭവന്‍ മണിയുടെ പ്രശസ്തി ഉപയോഗിച്ച് മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നത്. പ്രാദേശിക തലത്തില്‍ ചില മുന്നൊരുക്കങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.
നിയമസഭയില്‍ മണ്ഡലത്തെ സ്ഥിരമായി പ്രതിനിധീകരിച്ചിരുന്നത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയാണ്. 1982,1987,1991 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച ടി.എച്ച്. മുസ്തഫ 1996ല്‍ 96 വോട്ടിന് സിപിഎമ്മിലെ എം.പി. വര്‍ഗീസിനോട് പരാജയപ്പെട്ടു. 2001ലെ തിരഞ്ഞെടുപ്പില്‍ 21,757 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ജനങ്ങള്‍ മുസ്തഫയ്ക്ക് നല്‍കിയത്. 2006ല്‍ പി.പി. തങ്കച്ചനെ തോല്‍പ്പിച്ച് സിപിഎമ്മിലെ മോനായി മണ്ഡലം പിടിച്ചു. പിന്നീട് സംവരണ മണ്ഡലമായതോടെയാണ് സജീന്ദ്രന്‍ മത്സരംഗത്തിറങ്ങിയത്. നേരത്തെ തന്നെ കലാഭവന്‍മണി മത്സര രംഗത്തുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം കലാഭവന്‍ മണി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇടതു അനുഭാവിയായി അറിയപ്പെടുന്ന ആഷിഖ് അബുവിനെ മത്സരിപ്പിക്കുന്നതിനോട് മുന്നണിയിലെ ഘടക കക്ഷികളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏറണാകുളം ജില്ലയിലായിരിക്കും ആഷിഖ് അബു മത്സരിക്കുക എന്നാണ് സൂചന.