വൈക്കം: ആൾദൈവത്തെ വണങ്ങാത്ത ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കളത്തിൽ റിസോർട്ട് ജിഎമ്മിനു മേൽ കുരുക്ക് മുറുകി. കോട്ടയം എസ്പിയുടെ നിർദേശത്തെ തുടർന്നാണ് വൈക്കം കളത്തിൽ റിസോർട്ട് ജിഎം അഭിജിത്ത് ബാലനെതിരെ വധ ശ്രമത്തിനും സ്ത്രീപീഡനത്തിനും നഗ്ന വീഡിയോ പകർത്തിയതിനും കേസെടുത്തിരിക്കുന്നത്. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച അഭിജിത്തിന്‍റെ സുഹൃത്ത് വൈക്കം സിഐക്കെതിരെ എതിർപ്പ് ശക്തമായിട്ടുണ്ട്.
മൂന്നു വർഷം മുൻപാണ് നായർ സമുദായത്തൽപെട്ട അഭിജിത്ത് കത്തോലിക്ക വിഭാഗത്തിൽപെട്ട യുവതിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം അഭിജിത്തും പിതാവ് ബാലനും ചേർന്ന് യുവതിയെ നിർബന്ധിതമായി ഹൈന്ദമ മതത്തിലേക്ക് മാറ്റി. കോഴിക്കോട് ആര്യ സമാജമാണ് നിർബന്ധിത മത പരിവർത്തനത്തിനുള്ള നീക്കങ്ങൾ നടത്തിയത്. യുവതി എതിർപ്പ് പറഞ്ഞിട്ടും ഇത് വകവയ്ക്കാതെ സമാജം പ്രവർത്തകർ യുവതിയെ മതം മാറ്റുകയായിരുന്നു. പിന്നീട് യുവതിയുമായി അമൃതാനന്ദമയി ആശ്രമത്തിലെത്തിയ അഭിജിത്ത് അമ്മയെ തൊഴാൻ നിർബന്ധിച്ചു.ഇതിനെ യുവതി എതിർത്തതോടെ പ്രശ്നങ്ങൾ തുടങ്ങി. ഭാര്യ നാശമാണെന്ന് അമ്മ അഭിജിത്തിനോട് പറഞ്ഞതോടെ ഇയാളും പിതാവ് ബാലനും ചേർന്ന് യുവതിയെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുയായിരുന്നു. ഇതിനിടെ യുവതിയെ നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താനും ശ്രമിച്ചു.
ഇതിനിടെ കൊലപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ട് അഭിജിത്ത് മുറിക്ക് പുറത്തിറങ്ങിയതോടെ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ഞെട്ടിക്കുന്ന സത്യങ്ങൾ യുവതി പുറം ലോകത്തെ അറിയിച്ചത്. സംഭവത്തിൽ അഭിജിത്തിനെ സഹായിക്കുന്ന നിലപാടാണ് വൈക്കം പൊലീസ് സ്വീകരിച്ചുവന്നത്. ജാമ്യം ലഭിക്കാൻ സാധ്യതയുള്ള സ്ത്രീധന പീഡന നിയമ പ്രകാരം മാത്രമാണ് ആദ്യം പൊലീസ് കേസെടുത്തത്.എന്നാൽ ഇതിനെതിരെ യുവതിയുടെ അമ്മയും അഭിഭാഷകയായ അഡ്വ. വിമല ബിനുവും കോട്ടയം എസ്പിയെ സന്ദർശിച്ചു. കാര്യങ്ങൾ അറിഞ്ഞ എസ്പിയാണ് അഭിജിത്തിനെതിരെ വധശ്രമത്തിനും വീഡനത്തിനും കേസെടുക്കാൻ നിർദേശിച്ചത്. നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനാൽ ഈ കേസും ചുമത്താൻ എസ്പി നിർദേശിച്ചിട്ടുണ്ട്.
അതേസമയം അഭിജിത്തും പിതാവ് ബാലനും ഒളിവിലാണ്. ഇതിനിടെ കേസ് എടുത്തെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ സിഐ ശ്രമം നടത്തുന്നുണ്ട്. ഇരുവരെയും കണ്ടെത്താൻ ആയിട്ടില്ലെന്നാണ് വൈക്കം സിഐയുടെ നിലപാട്. പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാനുളള സാഹചര്യം ഇയാൾ ഒരുക്കി കൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്.