മറ്റുള്ളവരെ സഹായിക്കുന്നതാണ് മണിയുടെ സന്തോഷം; ചാലക്കുടിയില്‍ പാവങ്ങള്‍ക്കുവേണ്ടിയുള്ള ആശുപത്രി പണിയാന്‍ മണി ആഗ്രഹിച്ചു; ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല കലാഭവന്‍ മണിയുടെ ഭാര്യ മനസ് തുറക്കുന്നു

കലാഭവന്‍ മണിക്ക് സനേഹിക്കാനും സഹായിക്കാനും അതില്‍ നിന്നുള്ള സമാധാനമായിരുന്നു വലുതെന്ന് കലാഭവന്‍ മണിയുടെ ഭാര്യ നിമ്മി. വനിതക്കനുവദിച്ച അഭിമുഖത്തിലാണ് നിമ്മി മനസ് തുറക്കുന്നത്

പൊതുസ്ഥലത്തെങ്ങും മണി കുടുംബസമേതം പ്രത്യക്ഷപ്പെടാറില്ലായിരുന്നു എന്ന ചോദ്യത്തിന് നിമ്മിയുടെ മറുപടി ഇങ്ങനെ അതെനിക്ക് ഇഷ്ടമില്ലാത്തുകൊണ്ടായിരുന്നു. ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് ലൊക്കേഷനിലൊക്കെ പോകുമായിരുന്നു. പിന്നെപ്പിന്നെ എനിക്കുതന്നെ ബോറടിക്കാന്‍ തുടങ്ങി. ഒന്നുകില്‍ ലൊക്കേഷനില്‍ പോയി വെറുതെയിരിക്കണം. അല്ലെങ്കില്‍ റൂമിലിരിക്കണം. പിന്നെ മോളുണ്ടായപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞു. ഇനി പരിപാടിക്കൊന്നും ഞാനില്ല. മോളേയും നോക്കി ഞാന്‍ ഇവിടെത്തന്നെ കഴിഞ്ഞോളാമെന്ന്. അവധിക്കാലത്ത് മിക്കവാറും വിദേശത്തുപോകും. അതിനൊക്കെ മോളുടെ ഇഷ്ടമാണ് നോക്കിയിരുന്നത്. വിദേശത്തുപോകുമ്പോഴേ ആള്‍ക്കൂട്ടമില്ലാതെ മണിച്ചേട്ടനെ കാണാന്‍ കഴിയൂ. ഞാനും മോളും അങ്ങനെയൊക്കെ പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. പക്ഷേ, ഈ അടുത്തൊന്നും വിദേശത്ത് പോയില്ല. ഞങ്ങള്‍ വയനാട്ടില്‍ പോയിരുന്നു. നാലഞ്ചു ദിവസം ഞങ്ങള്‍ വയനാട്ടിലുണ്ടായിരുന്നു. അന്ന് തിരക്കൊന്നുമില്ലാതെ അവിടെ നിന്നു. പിന്നെ മോള്‍ക്ക് സ്‌ക്കൂളിലെ പഠിത്തം കളഞ്ഞിട്ട് ടൂറിനു പോകുന്നതൊന്നും ഇഷ്ടമല്ല. ഇപ്രാവശ്യം വയനാട്ടില്‍ പോയപ്പോള്‍ തന്നെ അവളു പ്രശ്‌നമുണ്ടാക്കി. പത്താം ക്ലാസ്സാണ് എന്നൊക്കെ പറഞ്ഞ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടിയില്‍ പാവപ്പെട്ടവര്‍ക്ക് ഒരാശുപത്രി മണിയുടെ ആഗ്രഹമായിരുന്നുവെന്നും നിമ്മി വെളിപ്പെടുത്തുന്നു. അക്കാര്യങ്ങളെല്ലാം മോളോട് പറഞ്ഞിട്ടുണ്ട്. മോള് ഡോക്ടറായിട്ട് ചാലക്കുടിയില്‍ ഒരാശുപത്രി കെട്ടണം. അവിടെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ കൊടുക്കണം. പാവപ്പെട്ടവരോട് കാരുണ്യമുള്ള ഡോക്ടറായിരിക്കണം എന്നൊക്കെ മോളോട് പറഞ്ഞിട്ടുണ്ട്. മോള്‍ക്ക് എന്നെക്കാളും അവളുടെ അച്ഛനോടാണ് അടുപ്പം. അതുകൊണ്ട് അച്ഛന്‍ പറയുന്നതുപോലേ അവള്‍ ചെയ്യൂ. എല്ലാ ദുഃഖവും ഉള്ളിലൊതുക്കിയാണ് എന്റെ കുഞ്ഞ് പരീക്ഷയെഴുതാന്‍ പോകുന്നത്. അപ്പോഴൊക്കെ അവള്‍ പറയുന്നത് അച്ഛനുകൊടുത്ത വാക്ക് പാലിക്കണമെന്നാണെന്നും നിമ്മി വിശദീകരിക്കുന്നു. മറ്റുള്ളവര്‍ പറയുന്നതുപോലെ ദാമ്പത്യത്തില്‍ അകല്‍ച്ചയുണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിക്കുന്നുമുണ്ട് കലാഭവന്‍ മണിയുടെ ഭാര്യ. ഒരിക്കലുമില്ല. അതല്ലേ ഞാന്‍ പറഞ്ഞത് പറയുന്നവര്‍ക്ക് എന്തും പറയാം. സത്യം ഞങ്ങള്‍ക്കറിയാം. ദൈവത്തിനുമറിയാം. മണിച്ചേട്ടന്‍ മരിച്ചു കിടക്കുന്നതിനടുത്ത് എന്നെ കണ്ടില്ല. ഞാന്‍ കരയുന്നത് കണ്ടില്ല എന്നൊക്കെയും ചിലര്‍ പറയുന്നത് കേട്ടു. ഒന്നാലോചിച്ചുനോക്കൂ. ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഏതു ഭാര്യയ്ക്കാണ് ഇങ്ങനെ പോസ് ചെയ്യാന്‍ സാധിക്കുക. എല്ലാവരും ഫോട്ടോ എടുക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കാന്‍ പറ്റുകയെന്നും നിമ്മി ചോദിക്കുന്നു.

ജനുവരി ഒന്നാം തീയതി മണിച്ചേട്ടന്റെ ജന്മദിനമായിരുന്നു. അന്നായിരുന്നു ഞങ്ങളുടെ അവസാനത്തെ ആഘോഷം. അന്ന് കേക്ക് മുറിച്ചു. ആ ആഘോഷത്തിന് ഇവിടെ ഒരുപാടുപേര്‍ വന്നിരുന്നു. പിന്നെ ഫെബ്രുവരി നാലിനായിരുന്നു ഞങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികം. എന്റെയൊരു അമ്മാവന്‍ മരിച്ചിട്ട് അന്ന് ഞങ്ങള്‍ അവിടെപ്പോയി. തിരിച്ചു വന്നപ്പോള്‍ രാത്രി ചോറ് കഴിക്കണമെന്ന് പറഞ്ഞു. നിറയെ ചോറ് കഴിച്ചിട്ടാണ് അന്ന് ഉറങ്ങാന്‍ കിടന്നത്. ഫെബ്രുവരി ഇരുപതിനായിരുന്നു വീട്ടില്‍ നിന്ന് പോയത്. ഇടയ്ക്ക് രണ്ടുമൂന്ന് പരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടികള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ടെന്‍ഷനാണ്. റിഹേഴ്‌സലും മറ്റും കാണും. പിന്നെ ചിലപ്പോള്‍ വിളിക്കാറില്ല. ഞാനും പിന്നെ അതൊന്നും ചോദിക്കാറില്ല. ഇടയ്ക്ക് കയറി ശല്യപ്പെടുത്തേണ്ടെന്ന് കരുതും. ഒരു വീട്ടില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അല്ലാതെ ഒരിക്കലും വഴക്കൊന്നുമുണ്ടായിട്ടില്ലെന്നും നിമ്മി വനിതയോട് വിശദീകരിച്ചു.
വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനെ കുറിച്ചും നിമ്മി വിശദീകരിക്കുന്നുണ്ട്. പ്രണയ വിവാഹമായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതിനുശേഷമാണ് വിവാഹം കഴിച്ചത്. ഞങ്ങളുടെ ഒരു ബന്ധുവഴി വന്ന ആലോചനയായിരുന്നു. എന്നെക്കാണാന്‍ മണിച്ചേട്ടന്‍ വരുമെന്ന് ബന്ധു പറഞ്ഞു. പക്ഷേ, മണിച്ചേട്ടന്‍ വീട്ടില്‍ വന്നില്ല. അതിനും അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. അദ്ദേഹം വീട്ടില്‍ വന്ന് എന്നെ കണ്ടിട്ടുപോയതിനുശേഷമെങ്ങാനും ഈ വിവാഹം നടക്കാതെ വന്നാല്‍ ആള്‍ക്കാര്‍ പറയും പണ്ട് കലാഭവന്‍ മണി കണ്ടിട്ട് ഇഷ്ടപ്പെടാതെ പോയ പെണ്‍കുട്ടിയാണെന്ന്. അങ്ങനെയൊരു പേരുദോഷം എനിക്ക് ഉണ്ടാകേണ്ടെന്ന് കരുതിയാണ് മണിച്ചേട്ടന്‍ പറഞ്ഞത് വേറെയെവിടെയെങ്കിലും വച്ച് കണ്ടാല്‍ മതിയെന്ന്. പിന്നെ ഇവിടെ അടുത്തുള്ള കണ്ണമ്പുഴ ക്ഷേത്രത്തില്‍ വച്ച് കണ്ടു. ഇഷ്ടമായി എന്നു പറഞ്ഞു പിന്നീടാണ് വിവാഹം ഉറപ്പിക്കലും മറ്റുമൊക്കെ നടന്നത്.

വീട്ടില്‍ ഒരിക്കലും മണി കൂട്ടുകാരെ കൊണ്ടുവരുമായിരുന്നില്ലെന്നും നിമ്മി പറയുന്നു. വീട്ടിനകം ബന്ധുക്കള്‍ക്കു മാത്രമുള്ളതായിരുന്നു. പിന്നെ വീടിനു പുറത്തുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലൊന്നും ഞങ്ങള്‍ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന് അത് ഇഷ്ടവുമായിരുന്നില്ല. ഇപ്പോള്‍ തോന്നുന്നു ചില സൗഹൃദങ്ങള്‍ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. മൂന്നു മാസം മുമ്പാണ് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത്. അല്ലാതെ രോഗത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും രോഗമുണ്ടോ എന്നു ചോദിക്കുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരു പനി വരുന്നതുപോലും അസ്വസ്ഥതയായിരുന്നു. അസുഖമുള്ള ഒരാളായിട്ട് അദ്ദേഹത്തെ കാണാന്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. വീട്ടില്‍ വരുമ്പോഴൊന്നും മദ്യപിച്ച് കണ്ടിട്ടില്ല. ബിയര്‍ കുടിക്കാറുണ്ടെന്ന് പറയും. പക്ഷേ, ആഹാരകാര്യത്തിലൊന്നും ചിലപ്പോള്‍ ഒരു നിയന്ത്രണവും കാണിക്കാറില്ലായിരുന്നു. കൊതി തീരും വരെ ഒന്നും കഴിച്ചിട്ടില്ലാത്ത ആളല്ലേ ഞാന്‍. ഇനിയെങ്കിലും കഴിച്ചോട്ടെ എന്നൊക്കെ പറയും. അതുകൊണ്ട് ഞാനൊന്നും പറയാറില്ലെന്നും നിമ്മി വിശദീകരിക്കുന്നു.

മറ്റുള്ളവരെ സഹായിക്കുന്നത് മണിയുടെ രീതിയായിരുന്നു. ഇതിനെ എതിര്‍ത്തിട്ടില്ലെന്നാണ് നിമ്മി പറയുന്നത്. ഇന്നേവരെ മണിച്ചേട്ടന് പിറകിലേ ഞാന്‍ നിന്നിട്ടുള്ളൂ. ഒപ്പം പോലും നടന്നിട്ടില്ല. അദ്ദേഹം എന്തുചെയ്താലും അതുതന്നെയായിരുന്നു എന്റെ ശരി. അല്ലാതെ ഞാനൊരിക്കലും എതിര്‍ക്കാന്‍ പോയിട്ടില്ല. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ മണിച്ചേട്ടന്‍ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു. ആ സമാധാനത്തിന്റെ പങ്കുപറ്റാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂവെന്നും നിമ്മി പറയുന്നു.

Top