കായംകുളത്ത് കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവര്‍ ധാരാളം; പലരും സര്‍ട്ടിഫിക്കറ്റ് നേടിയത് നിഖില്‍ സമ്പാദിച്ച കാലത്ത്; പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ പോലീസ്?

ആലപ്പുഴ: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായതോടെ കായംകുളത്ത് മറ്റുചില ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കളെക്കുറിച്ചും ആക്ഷേപം. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ എതിര്‍ചേരി പുറത്തുവിടുന്നുണ്ട്. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും കലിംഗയില്‍നിന്ന് ബിരുദധാരികളായത്.

കുറച്ചുദിവസം മുന്‍പുവരെ ഇത്തരം പ്രോഫൈലുകള്‍ പുറത്തുകാണിക്കാന്‍ കായംകുളത്തെ ഡിവൈഎഫ് നേതാക്കള്‍ക്ക് കാര്യമായ മടിയില്ലായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പലരും പ്രൊഫൈലുകള്‍ എഡിറ്റ് ചെയ്തുകഴിഞ്ഞു. പിടിയിലായ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കലിംഗബിരുദം സ്വന്തമാക്കിയ കാലത്ത് തന്നെയാണ് ഇവരില്‍ പലരും എല്‍എല്‍ബിയും ഡിഗ്രിയും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയത്. ചിലര്‍ക്ക് പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയുമുണ്ട്. കായംകുളത്ത് പലരും നിഖിലിനെപ്പോലെ പണം നല്‍കി കലിംഗയില്‍ നിന്ന് ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ അബിന്‍ സി രാജ് മുഖേനയാണോ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന സംശയമുണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പൊലീസിന്റെ അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top