നിരവധി വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്, ഫാറൂഖ് അബ്ദുള്‍ റഹിമാന് തന്‍റെ തിരക്കഥയായ കളിയച്ഛന്‍ സംവിധാനം ചെയ്യാനായത്. ദേശിയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത കാട്ടിയ ഈ ചിത്രത്തിന്‍റെ സവിശേഷത മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കാവ്യലോകത്തിന്‍റേയും ആത്മീയ ജീവിതത്തിന്‍റേയും ഏടുകളാണെന്നതാണ്. കാവ്യജീവിതത്തില്‍ തന്‍റേതായ വ്യക്തി മുദ്ര ആരാധകരുടെ മനസ്സില്‍ ഉണ്ടാക്കിയെടുത്ത പിയുടെ ജീവിതം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്വതന്ത്രമായ ജീവിത ശൈലിയെ ആരാധിച്ചിരുന്ന പി തന്‍റെ കവിതകള്‍ക്ക് ഇടം കണ്ടെത്തിയിരുന്നതും ആ സ്വാതന്ത്ര്യത്തിന്‍റെ ആത്മീയതകളില്‍ നിന്നും തന്നെയായിരുന്നു. പി കുഞ്ഞിരാമന്‍ നായരുടെ “കളിയച്ഛന്‍” എന്ന കവിത കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു എന്നതിനുമപ്പുറം കാവ്യാസ്വാദകരുടെ മനസ്സില്‍ എന്നും നോവായിരുന്ന ശകലങ്ങളാണ്. ഗുരുനിന്ദയില്‍ പെട്ട് ഒഴലുന്ന ഒരു മനുഷ്യന്‍റെ ജീവിതം, അരങ്ങത്തും അണിയറയിലും അയാള്‍ ആടുന്ന വേഷങ്ങള്‍, വന്നു പോകുന്ന പ്രണയങ്ങള്‍ എല്ലാമുണ്ട് കളിയച്ഛനില്‍.
ഒരു ഹൃദയം തൊടുന്ന കവിത സിനിമയാക്കുക എന്നതിലുപരി കളിയച്ഛന്‍ പോലെയൊരു കഥ സിനിമയാക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്. പ്രധാനമായും ആത്മകഥാംശം നിരവധിയുള്ള കവിതയാണ്, കളിയച്ഛന്‍, ഒരു നൂല്‍പ്പാലത്തിലൂടെ എന്ന വണ്ണമാണ്, ഇതിന്‍റെ കഥാഗതിയും, ഒന്നു പിഴച്ചാല്‍ പി എന്ന കവിയെ ഭത്സിച്ചു പോകാവുന്ന നിമിഷങ്ങള്‍. അത് വളരെ വിദഗ്ദ്ധമായി ഇഴചേര്‍ക്കുക എന്നത് സംവിധായകന്‍റെ മിടുക്കാണ്. ആ നിലയില്‍ കളിയച്ഛന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹിമാന്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.
സാധാരണ, കലാ മികവു പുലര്‍ത്തുന്ന സിനിമകളില്‍ പ്രേക്ഷകരെ മടുപ്പിക്കുന്ന ചിലതുണ്ട്. പ്രത്യേകിച്ച് സംസ്ഥാന -കേന്ദ്ര അവാര്‍ഡുകള്‍ ലഭിച്ച ഒരു സിനിമ എന്നത് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ആസ്വാദന നിലവാരം വളരെ ബൌദ്ധികപരമാണ്, എന്നതാണ്. എന്നാല്‍ സാധാരണക്കാരായ ഏതൊരു വ്യക്തിക്കും ആസ്വദിക്കാന്‍ പറ്റുന്ന നിലയില്‍ തന്നെയാണ്, കളിയച്ഛനിലെ രംഗങ്ങള്‍ ഫറൂക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിനു ശേഷം അത് കൂടുതല്‍ വ്യക്തമാകുന്നുണ്ട്. കഥയ്ക്കൊപ്പം സംഗീതത്തിനും പ്രാധാന്യമുള്ളതിനാല്‍ അപൂര്‍വ്വമായി ഇഴയുന്നു എന്നു തോന്നിയ മുഹൂര്‍ത്തങ്ങള്‍ വരെ സംഗീതം കൊണ്ട് അതി വിദഗ്ദ്ധമായി മറയ്ക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കലാമികവും കഥാമികവും സംവിധാന മികവും ഒത്തു ചേര്‍ന്ന ചിത്രമാണ്, കളിയച്ഛനെന്ന് അതിനാല്‍ തന്നെ നിസ്സംശയം പറയാം.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ 12 തീയറ്ററുകളും ‘കളിയച്ഛന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി വിട്ടുനല്‍കുമെന്ന് ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ട്രെയിലര്‍ പ്രകാശന വേളയില്‍ പറഞ്ഞു. അവാര്‍ഡ് ചിത്രമെന്നതിന്‍റെയപ്പുറം എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ ഈ സിനിമയ്ക്ക് തീയറ്ററുകള്‍ നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കളിയച്ഛന്‍ പോലെയൊരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ എന്തു ത്യാഗവും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. കലാമൂല്യമുണ്ടെങ്കിലും അവാര്‍ഡ് സിനിമകളുടെ തരം ഇഴച്ചില്‍ അനുഭവപ്പെടാത്തതിനാല്‍ കുറഞ്ഞത് മൂന്ന് ആഴ്ച്ചയെങ്കിലും കളിയച്ഛന്‍ പ്രദര്‍ശന വേദികളില്‍ ഓടുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആശംസിച്ചു. കളിയച്ഛനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകള്‍ വിട്ടു നല്‍കുമെന്ന് ഉദ്ഘടനം നിര്‍വ്വഹിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ട്രെയിലര്‍ പ്രകാശന വേലയില്‍ സിനിമയിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ അര മണിക്കൂര്‍ പരിപാടി കാണുന്ന ഏതൊരു പ്രേക്ഷകനും ആ നിലപാട് അംഗീകരിക്കുകയും ചെയ്യുന്നതായിരുന്നു. കലാമൂല്യമുള്ള ചിത്രം സാധാരണ പ്രേക്ഷകരിലേയ്ക്കെത്തുന്നതു കുറവു തന്നെയാണ്, പ്രേക്ഷകര്‍ അംഗീകരിക്കില്ല എന്ന തോന്നല്‍ തന്നെയാണ്, ഇത്തരത്തില്‍ സിനിമാ വിതരണത്തിനു പോലും ആളെ ലഭിക്കാത്തതിനു പിന്നില്‍. ആ അവസരത്തിലാണ്, ധീരമായ നിലപാടുകളോടെ ഈസ്റ്റ് കോസ്റ്റ് ഈ കര്‍മ്മം ഏറ്റെടുത്തത്. കളിയച്ഛന്‍ പോലെയൊരു കലാമൂല്യമുള്ള ജനകീയ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിന്, മലയാള സിനിമാ ചരിത്രത്തില്‍ ഈസ്റ്റ് കോസ്റ്റിന്‍റെ സ്ഥാനം അത്ര ചെറുതായിരിക്കില്ലാ എന്നു ചുരുക്കം.
കളിയച്ഛനിലെ മനോഹരഗാനങ്ങള്‍ പി കുഞ്ഞിരാമന്‍ നായരുടെ തന്നെ കവിതകളും റഫീക്ക് അഹമ്മദ്, കെ വി രാമനുണ്ണി എന്നിവരുടെ ഗാനങ്ങളുമാണ്, ബിജിബാല്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഈസ്റ്റ് കോസ്റ്റിന്‍റെ ബാനറില്‍ പുറത്തിറങ്ങിയത് ഇതിനോടകം തന്നെ ഗാനാസ്വാദകരുടെ ഹൃദയം കീഴടക്കി. പാട്ടിന്‍റെ വരികളും ഒപ്പം നില്‍ക്കുന്ന സംഗീതവും ന്യൂജനറേഷന്‍ സിനിമാ സംഗീതത്തില്‍ അഭിരമിയ്ക്കുന്ന മലയാളിയ്ക്ക് ഒരു നവോന്‍മേഷം തന്നെ നല്‍കിയിട്ടുണ്ട്. ഗാനങ്ങളുടേയും ട്രെയിലറിന്‍റേയും പ്രകാശനം തിരുവനന്തപുരത്തുള്ള ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തില്‍ വച്ചാണ്, നടത്തപ്പെട്ടത്. സംസ്ഥാന ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍.പീതാംബരക്കുറുപ്പ് , കെ.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, സംവിധായകരായ ടി.എസ് സുരേഷ് ബാബു, ജി.എസ് വിജയന്‍ അഭിഭാഷക സംഘടന നേതാവ് ഷിഹാബുദ്ദീന്‍ കിരിയത്ത്. കളിയച്ഛനിലെ നായിക തീര്‍ഥ മുര്‍ബാദ്കര്‍, സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹിമാന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ തുടങ്ങി കലാ-സംഗീത-സിനിമ-സാംസ്ക്കാരിക- സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
മികച്ച നവാഗത സംവിധായകന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍ എന്നീ സംസ്ഥാന പുരസ്കാരങ്ങളും മികച്ച പശ്ചാത്തല സംഗീത്തിനുള്ള ദേശിയ പുരസ്‌കാരവും നേടിയ ചിത്രമാണ്, കളിയച്ഛന്‍ എങ്കിലും കലാമൂല്യത്തോടൊപ്പം സാധാരണ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തേയും തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം മനോജ് കെ ജയന്‍ എന്ന അഭിനയ പ്രതിഭയുടെ വ്യത്യസ്തമായ വേഷ മികവും എടുത്തുകാട്ടുന്നു. നല്ല സിനിമകളില്ലെന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകര്‍ക്ക് നന്‍മകളുള്ള ഒരു സിനിമാ അനുഭവം തന്നെയാകും കളിയച്ഛന്‍ എന്നതിന്, സംശയമൊന്നുമില്ല.