ന്യൂഡല്‍ഹി: കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യവാചകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡ്വടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എഎസ്‌സിഐ). ‘ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം’ എന്ന കല്ല്യാണിന്റെ അവകാശവാദം തെറ്റാണെന്നാണ് കണ്ടെത്തല്‍. അവകാശവാദം സ്ഥിരീകരിക്കപ്പെടാത്തതാണ്. സമാനമായ ഷോറൂമുകള്‍ താരതമ്യം ചെയ്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കല്യാണിന്റെ അവകാശവാദം അതിശയോക്തി ഉണ്ടാക്കുന്നതാണെന്നും എഎസ്‌സിഐ പറഞ്ഞു.
പരസ്യങ്ങള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച 156 പരാതികളില്‍ 90ഉം എഎസ്‌സിഐയുടെ കസ്റ്റമര്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ ശരിവെച്ചു. പരസ്യങ്ങള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആണിത്. പരാതികളില്‍ 32 എണ്ണം വിദ്യാഭ്യാസ സംബന്ധമായതും 30 എണ്ണം ആരോഗ്യസംബന്ധമായതും 10 എണ്ണം ഭക്ഷണ പാനീയ വിഭാഗത്തിലും ഉള്‍പ്പെടുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ ഷോറൂം എന്ന പരസ്യവാചകവുമായിട്ടായിരുന്നു കല്ല്യാണ്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കല്യാണിന്റെ ടെലിവിഷന്‍ പരസ്യങ്ങള്‍. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, മഞ്ജു വാര്യര്‍, നാഗാര്‍ജുന, ശിവ രാജ്കുമാര്‍, പ്രഭു, വിക്രം പ്രഭു എന്നിവരാണ് പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നത്.
കല്യാണിന് പുറമെ പതഞ്ജലി, ഐടിസി, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍ക്കെതിരെയുള്ള പരസ്യങ്ങളും കസ്റ്റമര്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ ശരിവെച്ചിട്ടുണ്ട്. പതഞ്ജലിയുടെ ഹെയര്‍ ഓയില്‍, വാഷിങ്പൗഡര്‍ ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്കെതിരെയാണ് എഎസ്‌സിഐ രംഗത്തെത്തിയത്. കൂടാതെ ഈ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ മാര്‍ക്കറ്റിലുള്ള മറ്റ് ഉല്‍പന്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.