രജനിക്കൊപ്പം കമലും ഖുശ്ബുവും: തമിഴ്‌നാട് രാഷ്ട്രീയം ഇനി രജനിക്കുചുറ്റും; കൂടുതൽ താരങ്ങളും പിൻതുണയുമായി എത്തിയേക്കുംf

പൊളിറ്റിക്കൽ ഡെസ്‌ക്

ചെന്നൈ: രജനിക്കൊപ്പം രാഷ്ട്രീയത്തിലിറങ്ങാൻ തമിഴ്‌നാട്ടിലെ മുൻ നിര സിനിമാ താരങ്ങളെല്ലാം രംഗത്ത്. കമലും, ഖുശ്ബുവും അടക്കം മുപ്പതിലേറെ താരങ്ങളാണ് രജനിക്കു പിൻതുണ അർപ്പിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജനിയുടെ സിനിമകളിലെ സൂപ്പർ നായികയായി വിലസിയിരുന്ന ഖുഷ്ബു കോൺഗ്രസ്സ് വിട്ട് സൂപ്പർ സ്റ്റാറിന്റെ കൂടെ കൂടുമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ കോൺഗ്രസ്സ് ദേശീയ വക്താവാണ് ഖുഷ്ബു .

രജനി കുടുംബവുമായി അടുത്ത ബന്ധമാണ് ഇവർക്കുള്ളത്. മികച്ച പ്രാസംഗിക കൂടിയായ ഖുഷ്ബുവിന്റെ വരവ് രജനി ക്യാംപിന് ആവേശമാകും.

സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് രൂപീകരിക്കുന്നത് എന്നതിനാൽ രജനിയുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിലും താരങ്ങളിലെ വലിയ വിഭാഗം രജനിക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് തമിഴകത്തെ രാഷ്ടീയ പാർട്ടികൾ ഭയക്കുന്നുണ്ട്.

രജനി ആരാധകരായ പാർട്ടി പ്രവർത്തകരും അനുഭാവികളും മറുകണ്ടം ചാടാതിരിക്കാൻ ഡി.എം.കെ, അണ്ണാ ഡി.എം.കെ തുടങ്ങിയ പ്രധാന പാർട്ടികൾ താഴെ തട്ടു മുതൽ വിപുലമായ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

അനുഭാവികളായ താരങ്ങളെയും പാർട്ടി നേതൃത്വങ്ങൾ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. രജനി തമിഴനല്ലന്നും ബി.ജെ.പിയുടെ ശിങ്കിടിയാണെന്നും പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി പ്രചരണം നടത്താനാണ് ഭരണ-പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

സിനിമ താരങ്ങളെ ദൈവതുല്യം കാണുന്ന ജനങ്ങൾ രജനിയെപോലെയുള്ള സൂപ്പർ താരത്തിന് രാഷ്ട്രീയത്തിലും പിന്തുണ നൽകിയാൽ അത് തമിഴകത്തിന്റെ തലേലെഴുത്ത് തന്നെ മാറ്റി എഴുതാൻ ഇടയാക്കും.

ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്കൊടുവിലാണ് രജനീകാന്ത് സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അറിയിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചായിരുന്നു രജനിയുടെ പ്രഖ്യാപനം.

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷം തമിഴ്നാട്ടിൽ സംഭവിച്ച കാര്യങ്ങൾ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങൾ തമിഴ്നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാൻ ഈ തീരുമാനം എടുത്തില്ലെങ്കിൽ ഞാൻ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിർവഹണം കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നതെന്നും രജനി പറയുന്നു.

ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കൻമാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തിൽനിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളർച്ച എന്നിവയായിരിക്കും നമ്മുടെ പാർട്ടിയുടെ മൂന്നു മന്ത്രങ്ങൾ.

സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ 1996ൽത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. അതു വൃത്തിയാക്കിയെടുക്കണം. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമെന്നും രജനി പ്രഖ്യാപിച്ചു.

Top