തിരുവനന്തപുരം :വീണ്ടും പോലീസിന്റെ നരനായാട്ട് എന്ന് ആരോപണം .എഴുത്തുകാരന്‍ കമല്‍സി ചവറയെ തിരുവനന്തപുരത്ത് പോലിസ് അറസ്റ്റു ചെയ്തു. കമ്മീഷണറെയും അസി. കമ്മീഷണറെയും അസഭ്യം പറഞ്ഞു എന്ന കേസിലാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ അക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേറ്റഷനിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.തലസ്ഥാനത്ത് നിന്നും കമല്‍ സി ചവറയെ പോലീസ് തല്ലിചതയ്ച്ച് വലിച്ചിഴച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്തു വന്നു .
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ ഓഫീസിലെത്തിയ തന്നെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കമല്‍ സി ചവറ പറഞ്ഞു. കമ്മീഷണര്‍ ഓഫീസിലെത്തി കേസിന്റെ വിവരങ്ങള്‍ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ പോലീസ് ഭാഷ്യങ്ങള്‍ക്കെതിരെ താന്‍ സംസാരിച്ചിരുന്നുവെന്നും ഇത് ഇഷ്ടപ്പെടാതിരുന്ന പോലീസ് തന്നെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും കമല്‍ സി ചവറ പറയുന്നു.
കമ്മീഷണറേയും അസിസ്റ്റന്റ് കമ്മീഷണറേയും അസഭ്യം പറഞ്ഞ് തട്ടിക്കയറിയതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കമല്‍ അടക്കമുള്ളയാളുകള്‍ ഇന്ന് .യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയിരുന്നു. ഇതിനു ശേഷം കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് ഇവര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. അക്രമികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് കമല്‍ സി ചവറ പോലീസിനോട് ആവശ്യപ്പെട്ടു. നോവലില്‍ ദേശദ്രോഹ പരാമര്‍ശമുണ്ടെന്നാരോപിച്ച് പോലീസ് വേട്ടയാടുന്നുവെന്നും തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കമല്‍ സി ചവറ നടത്തിയിരുന്ന പട്ടിണി സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ വീണ്ടും പോലീസ് അതിക്രമം ഉണ്ടായിരിക്കുന്നത് .മുന്‍പ് ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍ എഴുത്തുകാരന്‍ കമല്‍സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു..കോഴിക്കോട് പെരുങ്ങളത്ത് നിന്ന് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമല്‍സിയെ അറസ്റ്റ്‌ചെയ്തിരുന്നത് .
കമല്‍സിയുടെ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’എന്ന നോവലിലെ ചില ഭാഗങ്ങള്‍ അദ്ദേഹം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതിനൊപ്പം ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു.