ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നാരോപിച്ച് കമലഹാസനെതിരെ ദളിത് നേതാവിന്‍റെ വക്കീല്‍ നോട്ടീസ്. ദളിത് നേതാവും പുതിയ തമിഴകം പാര്‍ട്ടി സ്ഥാപകനുമായ കെ കൃഷ്ണസ്വാമിയാണ് കമലഹാസനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കമലഹാസന്‍ അവകാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നാണ് ആരോപണം.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോയുടെ അവതാരകന്‍ കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. റിയാലിറ്റി ഷോയിലൂടെ കമലഹാസന്‍ തമിഴ് സംസ്‌കാരത്തെ താറടിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായ ഒവിയ, നമിത, ഗഞ്ച കറുപ്പ്, ഹാരതി തുടങ്ങിയവരെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ഗായത്രി രഘുറാം മറ്റൊരു മത്സരാര്‍ത്ഥിയെ അവഹേളിച്ചതാണ് കാരണം. പ്രത്യക സമുദായത്തില്‍ പെട്ട മത്സരാര്‍ത്ഥി തെരുവില്‍ ജീവിക്കുന്ന ആളുകളെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു ഗായത്രി രഘുറാമിന്റെ പരാമര്‍ശം. പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന ഈ പ്രസ്താവന ചാനല്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കൃഷ്ണസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പരിപാടിയുടെ അവതാരകനായ കമലഹാസനോ മത്സരാര്‍ത്ഥികളോ ഈ പ്രസ്താവനയില്‍ ഖേദിക്കുകയോ മാപ്പു പറയുകയോ ചെയ്തില്ലെന്ന് കൃഷ്ണസ്വാമി ആരോപിക്കുന്നു. ഇപ്പോള്‍ അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കൃഷ്ണസ്വാമി അറിയിച്ചു.