പ്രിയ എഴുത്തുകാരി കമലാ സുരയ്യ എന്ന കമലാ ദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പ്രണയത്തിന്റെ രാജകുമാരിക്ക് ഡൂഡിലിലൂടെയാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചത്. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്. വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്നു നല്‍കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ കമലാ സുരയ്യയെ ഓര്‍മപ്പെടുത്തിയിരിക്കുന്നത്. കമലയുടെ ആത്മകഥ മൈ സ്റ്റോറി അഥവാ എന്റെ കഥ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വർഷം തികയുന്നതിന്റെ ഓർമ്മ പുതുക്കിയാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. 1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് പ്രശസ്ത കവയിത്രിയായിരുന്ന ബാലാമണിയമ്മയുടേയും വി.എം നായരുടേയും മകളായി ജനിച്ച കമല ലോകമറിയുന്ന എഴുത്തുകാരിയായി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടികള്‍, കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. മലയാള ഭാഷയുടെ നൈര്‍മ്മല്യം നീര്‍മാതളം പൂത്ത കാലമായും നഷ്ടപ്പെട്ട നീലാംബരിയായും പുറത്തു വന്നു. എന്റെ കഥയെന്ന ആത്മകഥ പതിനഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഞാന്‍ ഇന്ത്യക്കാരിയാണ് .. തവിട്ടു നിറമാണ്. മലബാറില്‍ ജനനം, മൂന്നു ഭാഷകളില്‍ സംസാരിക്കും, രണ്ടു ഭാഷകളിലെഴുതും എന്നാല്‍ സ്വപ്നം ഒന്നില്‍ മാത്രം എന്നെഴുതി ആസ്വാദകരുടെ മനസിലേക്ക് ചന്ദനമരം പോലെ കടന്നു വന്നു.
1969ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1985ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1997ലെ വയലാര്‍ അവാര്‍ഡും 2002ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും കമലാ ദാസിനായിരുന്നു. 1984ല്‍ നോബല്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലും മലയാളത്തിന്റെ മാധവിക്കുട്ടി ഇടം പിടിച്ചു. പിന്നീട് പ്രണയത്തിന്റെ പേരില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായെങ്കിലും മതാതീതമായ ആത്മീയതയ്ക്കായിരുന്നു കമല ദാസ് എന്നും പ്രാധാന്യം കൊടുത്തിരുന്നതെന്ന് ദ ലവ് ക്വീന്‍ ഓഫ് മലബാര്‍ അഥവാ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോഡ് പറയുന്നുണ്ട്. ശ്രീകൃഷ്ണനും ശ്രീചക്രവും അവസാനം വരെ അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും മെറിലി സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ഗത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇതാണ് അവസാന ജീവിതമെന്നും ഇനിയൊരു പക്ഷേ ജനിച്ചാല്‍ ഒരു പക്ഷിയാകണമെന്നും ആഗ്രഹിച്ചതായും മെറിലി എഴുതിയിട്ടുണ്ട്. 2009 മെയ് 31നാണ് മാധവിക്കുട്ടിയുടെ മരണം.