കമല്‍ഹാസനെ കാണാനായി ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ചെന്നൈയിലെത്തും. നിശ്ചയിച്ചുറപ്പിച്ച മറ്റു പരിപാടികള്‍ക്കായാണ് കെജ്‌രിവാള്‍ ചെന്നൈയിലെത്തുന്നതെന്നും ഈ അവസരത്തില്‍ കമലുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ല്‍ ദില്ലിയിലെത്തിയ കമല്‍ഹാസന്‍ കെജ്‌രിവാളിനെ സന്ദര്‍ശിച്ചിരുന്നു. കമല്‍ഹാസന്‍ തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പാര്‍ട്ടിയുടെ പേര് കമല്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്ന കമല്‍ഹാസന്‍ സിപിഐഎമ്മിനോട് അനുഭാവപൂര്‍വ്വമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ച് മടങ്ങിയ കമല്‍ഹാസന്‍ താന്‍ പുതിയ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരേയും മതേതര നിലപാടുകളുമാണ് കമല്‍ഹാസന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കമലഹാസന്‍ അറിയിച്ചിരുന്നു.