കൊച്ചി: പുലിമുരുകന്‍ എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തിലുടെ തിളങ്ങിയ കമാലിനി മുഖര്‍ജിയ്ക്ക് മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ നൂറ് നാവാണ്. മോഹന്‍ലാല്‍ രസികനും ഒട്ടും തലക്കനവും ഇല്ലാത്ത വ്യക്തിയാണെന്നാണ് കമാലിനി പറയുന്നത്.
മോഹന്‍ലാല്‍ ഒരു വിസ്മയമാണെന്നാണ് കമാലിനി പറയുന്നത്. എത്ര അനായാസമാണ് അഭിനയം. കഥാപാത്രമായി ജീവിക്കും. പക്ഷേ, സെറ്റില്‍ സൂപ്പര്‍ കൂള്‍. നമ്മളെ ഒപ്പം ചേര്‍ത്തു നിര്‍ത്തും. മീന്‍ കറി കൂട്ടാന്‍ കൊതിയാകുന്നു എന്നു മനസ്സില്‍ ആഗ്രഹിച്ചാല്‍ മതി, അടുത്ത നിമിഷം അതു നമ്മുടെ മുന്നിലെത്തിച്ചു തരും. മറ്റൊരിക്കല്‍ കേരള ചിക്കന്‍ കറി കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞു. വൈകിട്ട് ഹോട്ടല്‍ റൂമില്‍ നല്ല ആവി പറക്കുന്ന ചിക്കന്‍ കറി എത്തി. ബോറടിക്കുന്നു എന്നു പറഞ്ഞപ്പോള്‍ കൊടുത്തുവിട്ടത് ഒരു കെട്ട് സിനിമകളാണ്, ഒപ്പം ഒരു ഡിവിഡി പ്ലെയറും. അക്ഷരാര്‍ഥത്തില്‍ ഒരു ജാലവിദ്യക്കാരനാണ് അദ്ദേഹം. മനസ്സുകള്‍ എടുത്ത് ചെപ്പടിവിദ്യകള്‍ കാട്ടുന്ന മജീഷ്യന്‍.
മൈനയുമായി എനിക്ക് ഒരു സാമ്യവുമില്ല. കാര്യങ്ങള്‍ തന്റേടത്തോടെ നേരിടാന്‍ എനിക്ക് കരുത്തുണ്ട്. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വൈശാഖ് പറയുമ്പോള്‍ ഒട്ടും ആത്മബന്ധം തോന്നിയില്ല. പിന്നീട് ചിത്രീകരണവേളയില്‍ മൈനയുമായി വല്ലാതെ ഇണങ്ങി. എന്റെ ശരീരഭാഷ പോലും മൈനയുടേതായി മാറി. എപ്പോഴും ദേഷ്യക്കാരിയാണ് എന്റെ കഥാപാത്രം. ഭയവും ആശങ്കയുമാണ് അവളെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ നടപ്പും നില്‍പ്പും എല്ലാം ഒരു പ്രത്യേക രീതിയിലാണ്. ഒരിക്കല്‍ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഞാന്‍ ഇടുപ്പില്‍ കൈ കൊടുത്ത് മുന്നോട്ടാഞ്ഞു കടുപ്പിച്ച് നില്‍ക്കുന്നതു കണ്ട് ലാലേട്ടന്‍ പൊട്ടിച്ചിരിച്ചു. ‘മൈനേ, ഇനി കുറച്ചു നേരം കമാലിനി ആയിക്കൊള്ളൂ’ എന്നു പറഞ്ഞ് സെറ്റിലുള്ളവരെല്ലാം ഒരുപാട് കളിയാക്കി.
വെശാഖിന്റെ ‘കസിന്‍സ്’ എന്ന സിനിമയില്‍ ഒരു പാട്ടില്‍ മാത്രമായി അഭിനയിച്ചിരുന്ന തന്നെ പുലിമുരുകനിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ലെന്ന് കമാലിനി പറയുന്നു. അന്ന് വെറും പത്തു മിനിറ്റ് മാത്രമാണ് അദ്ദേഹവുമായി സംസാരിച്ചതെന്നും കമാലിനി പറഞ്ഞു.