
തൃശൂര്‍: യുഎപിഎ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന് കമല്‍ സി നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ഏഴ് ദിവസമായി കമല്‍ നിരാഹാര സമരത്തിലായിരുന്നു. സമര പന്തലിലെത്തി എം.എ. ബേബി കമലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
പോലീസിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച്ചയുണ്ടായതായി എം.എ. ബേബി പറഞ്ഞു. കമല്‍സി രാജ്യദ്രോഹിയാണെങ്കില്‍ താനും രാജ്യദ്രോഹിയാണെന്നും ബേബി പറഞ്ഞു. പോലീസ് ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ കമല്സിയ്ക്കൊപ്പം താനും സമരരംഗത്തുണ്ടാകുമെന്ന് ബേബി വ്യക്തമാക്കി. ടി.എന്‍ പ്രതാപന്, വി.റ്റി ബല്‍റാം, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്നാടന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ്, ലീഗ്, കെ.എസ്.യു. സംഘടനകള്‍ വിഷയത്തില്‍ ഇടപ്പെട്ടത് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
ഇതിനിടയിലാണ് എം.എ. ബേബി സമരപന്തലിലെത്തി കമല്‍സിയെ സന്ദര്‍ശിച്ചത്. സമരത്തോട് എം.എ. ബേബിക്ക് സംസാരിക്കേണ്ടി വന്നത് നവസമര രീതികളുടെ വിജയമാണെന്നും ഉറപ്പുകള്‍ പാലിക്കാത്തപക്ഷം കൂടുതല്‍ ശക്തമായ നിലയില്‍ സമരങ്ങള്‍ പുനരാരംഭിക്കുമെന്നു സമരത്തിനു നേതൃത്വം നല്കി വന്ന അനൂപ് വി.ആര്. അറിയിച്ചു.