മലപ്പുറം: ബിജെപി ഫണ്ട് ശേഖരണത്തിലേക്ക് സംഭാവന നല്‍കുകയും ബിജെപിയെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത വനിതാലീഗ് നേതാവ് ഡോ.ഖമറൂന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. ഖമറുന്നീസ അന്‍വറിന് പകരം കെ.പി മറിയുമ്മയ്ക്ക് വനിതാ ലീഗ് അധ്യക്ഷയുടെ താത്കാലിക ചുമതല നല്‍കി.ഖമറൂന്നീസ അന്‍വര്‍ മാപ്പ് പറഞ്ഞിരുന്നെങ്കിലും അതിന് ശേഷവും സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുവെന്നാണ് വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അവരെ നീക്കുന്നതിനുള്ള കാരണമായി ഇപ്പോള്‍ നേതൃത്വം വിശദീകരിക്കുന്നത് .
സംഭവം വിവാദമാപ്പോള്‍ ഖമറൂന്നിസയുമായി സംസാരിച്ച ശേഷം നടപടിയെക്കുറിച്ച് തീരുമാനിക്കും എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞത്. സംഭവത്തില്‍ കടുത്ത നിലപാടിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു തുടക്കത്തില്‍ ലീഗ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ മുഖ്യശത്രുവായി നിര്‍ത്തി പ്രചരണം നടത്തിയ പാര്‍ട്ടിയുടെ വനിതാവിഭാഗം നേതാവ് തന്നെ അവര്‍ക്കനുകൂലമായി സംസാരിച്ചത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി എന്ന പരാതി ഉയര്‍ന്നതോടെയാണ് ലീഗ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
നാടിന്റെ വളര്‍ച്ചയ്ക്ക് ബി.ജെ.പി. നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എനിക്ക് കഴിയുന്ന ചെറിയഫണ്ട് ഞാന്‍ നല്‍കുന്നു എന്ന് പറഞ്ഞാണ് ഖമറുന്നിസ അന്‍വര്‍ ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്.ബി.ജെ.പി. കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും സമൂഹിക ക്ഷേമ ബോര്‍ഡ് അധ്യക്ഷ കൂടിയായ അവര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് പറഞ്ഞാണ് അവര്‍ വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.മുസ്ലീംലീഗിലെ ഏറ്റവും മുതിര്‍ന്ന വനിതാ നേതാവായ ഖമറൂന്നിസ അന്‍വര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പാര്‍ട്ടിക്കുള്ളിലെ യാഥസ്ഥിതിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.