സ്‌പോട്‌സ് ഡെസ്‌ക്
ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ വിനോദ് കാംബ്ലി. മുഖ്യപരിശീലകനായുള്ള അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചതിനു പിന്നാലെയാണ് താൽപര്യം പ്രകടിപ്പിച്ച് കാംബ്ലി മുന്നോട്ട് വന്നത്. എന്നാൽ പിസിബി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പാക് മാധ്യമപ്രവർത്തക അസ്മ ഷിറസിയോട് പാക് ടീമിൻറെ പരിശീലകനാകാൻ താൻ തയാറാണെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ സുരക്ഷ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഐപിഎൽ ടീമിൻറെ പരിശീലകനായി വസീം അക്രം ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ പാക്കിസ്ഥാനിൽ കഴിയാൻ തനിക്കും പേടിയില്ലെന്ന്’ കാംബ്ലി മറുപടി നൽകി.
ട്വൻറി20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ടീമിൻറെ പരിശീലക സ്ഥാനത്തുനിന്ന് മുൻ പേസർ വഖാർ യൂനിസ് രാജിവച്ചതോടെയാണ് പാക്കിസ്ഥാൻ കോച്ചിനായുള്ള അന്വേഷണം ആരംഭിച്ചത്. എന്നാൽ രാജ്യാന്തരതലത്തിൽ പരിശീലകനായി മുൻപരിചയമില്ലാത്ത കാംബ്ലിയെ പാക്കിസ്ഥാൻ നിയമിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.