ശബരിദര്‍ശനത്തിനായി ആക്ടിവിസ്റ്റായി മാറിയ കനക ദുര്‍ഗ എന്ന വീട്ടമയ്ക്ക് ഇനി വരുന്നത് ദുരന്തത്തിന്റെ നാളുകളോ? വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് വിവാഹമോചനത്തിനും തയ്യാറെടുക്കുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ കനക ദുര്‍ഗയ്ക്ക് കുടുംബവും കുട്ടികളും അകലുകയാണ്. കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. കനകദുര്‍ഗ തനിച്ചാണു താമസം.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടക്കാട്ടി അവര്‍ കോടതിയെ സമീപിക്കും. മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ്ഗ പറയുന്നത്.
ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇവര്‍ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.
്
ശബരിമല ദര്‍ശതത്തിനുശേഷം നീണ്ട കാലം ഒളിവു ജീവിതം നയിച്ചതിനു ശേഷമാണ് കനക ദുര്‍ഗ വീട്ടിലേയ്‌ക്കെത്തുന്നത്. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടിയത്.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനുമുന്‍പ് ആനമങ്ങാട് സപ്ലൈകോ ഔട്ട്ലെറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായിട്ടായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. എന്നാല്‍ ഇവിടെ നിരന്തരം ജനസമ്പര്‍ക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്. ഇപ്പോള്‍ ഇവര്‍ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്.
പ്രതിഷേധം ഭയന്ന് കനകദുര്‍ഗ്ഗക്കൊപ്പം നാലു വനിതകളടക്കം 10-15 പൊലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ് വുമണായ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പൊലീസ് സാന്നിധ്യമുണ്ടാകും. കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പൊലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം സൈ്വരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ കൃഷ്ണനുണ്ണി പറയുന്നു.