
കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ കുടുംബാംഗങ്ങളും സമരം നടത്തി എന്ത് നേടി എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചത് പണ്ടത്തെ മുതലാളിമാരാണെന്ന് കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജിഷ്ണു കേസിലെ പൊലീസ് നടപടി തെറ്റാണ്. മഹിജയുടെ സമരം തീര്‍ക്കാന്‍ താന്‍ ഇടപെട്ടു എന്ന് പറഞ്ഞിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജില്‍ പോയി മഹിജയെ കണ്ടതെന്നും കാനം വിശദീകരിച്ചു.
സി.പി.ഐയുടേത് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ നിലപാടാണെന്ന്, കേരളത്തില്‍ സി.പി.ഐ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കാനം പറഞ്ഞു. ഈ വിഷയത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ തെറ്റെന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ നിലപാടാണ്. അതെങ്ങനെ പ്രതിപക്ഷ നിലപാടാകും.
അതുപോലെ യു.എ.പി.എ കരിനിയമത്തിനെതിരെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും മന്ത്രിസഭ തീരുമാനങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടിനോടും യോജിക്കാനാവില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയുക എന്നാണ് ഇത്തരം നിലപാടിലൂടെ സി.പി.ഐ സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
രമണ്‍ ശ്രീവാസ്തവയെ പൊലീസിന്റെ ഉപദേഷ്ടാവായി നിയമിച്ചതിനേയും കാനം പരിഹസിച്ചു. രമണ്‍ ശ്രീവാസ്തവ എന്ന പേര് കേള്‍ക്കുന്‌പോള്‍ ആദ്യം ഓര്‍മ വരുന്നത് കെ.കരുണാകരനേയും ഹയറുനിസയേയും ആണെന്നും കാനം പറഞ്ഞു.