ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവല്ല, രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍. ഇതൊരു നീണ്ട യുദ്ധമാണ് ഇതില്‍ വിജയ യാത്രകളല്ല കൂട്ടായ്മയുടെ യാത്രകളാണുണ്ടാവുക. ഞാനൊരു നേതാവല്ല, വിദ്യാര്‍ത്ഥിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയും അര്‍ത്ഥവും തനിക്കറിയാമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
”തനിക്കുറപ്പുണ്ട് ജെ.എന്‍.യു. വിദ്യാര്‍ത്ഥികളാരും ഇന്ത്യാവിരുദ്ധരല്ല. എന്നാല്‍ ഫെബ്രുവരി ഒമ്പതിന് നടന്ന സംഭവം അപലപനീയമാണ്. രാജ്യദ്രോഹം നടന്നിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെ. ജെ.എന്‍.യുവിനെ കരിവാരിത്തേക്കാന്‍ ഗൂഢാലോചന നടക്കുന്നു. ജവാന്മാരുടെയും കര്‍ഷകരുടെയും വെമുലയുടെയും ത്യാഗം വെറുതെയാവില്ല. ജെ.എന്‍.യുവിന് ലഭിക്കുന്ന സബ്‌സിഡികളും വെറുതെയാവില്ല.” കനയ്യ പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൊതുപണം ഉപയോഗിച്ചാണ് പഠിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്തണമെന്നുമുള്ള കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവിനുള്ള മറുപടിയാണ് കനയ്യയുടെ പ്രതികരണം.
ഞാന്‍ ഒരു നേതാവല്ല, വിദ്യാര്‍ത്ഥിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിമിതി തനിക്ക് മനസിലാകും. എന്നാല്‍ എന്താണ് സ്വാതന്ത്യമെന്നും തനിക്കറിയാമെന്നും കനയ്യ പറഞ്ഞു. അംബേദികറിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന എല്ലാ ശക്തികളെയും ഞങ്ങള്‍ ചെറുത്ത് തോല്‍പിക്കും. ഭരണഘടനയെന്നാല്‍ വെട്ടിമാറ്റാവുന്ന വിഡിയോ അല്ല. സര്‍ക്കാറിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ ഉടന്‍ തന്നെ കോണ്ടം തെരയാന്‍ വേണ്ടി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കനയ്യ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തങ്ങള്‍ക്ക് വ്യക്തിപരമായ എതിര്‍പ്പില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാത്രമാണ് അദ്ദേഹത്തോടുള്ളത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യയിലെ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട ഒരു ഇന്ത്യന്‍ പൗരനായാണ് ഞാന്‍ അഫ്‌സല്‍ ഗുരുവിനെ കാണുന്നത്. അഫ്‌സല്‍ ഗുരു എന്റെ റോള്‍ മോഡലല്ല. മറിച്ച് രോഹിത് വെമുലയാണ് എന്റെ റോള്‍ മോഡല്‍ കനയ്യ കൂട്ടിച്ചേര്‍ത്തു. കേരളത്തിലും ബംഗാളിലും ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് താന്‍ എത്തുമെന്നും കനയ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ കനയ്യ ജെ.എന്‍.യു കാമ്പസിലും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തിരുന്നു. ഫെബ്രുവരി 12നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ പൊലീസ് അറസ്റ്റ് െചയ്യുന്നത്. പിന്നീട് ഡല്‍ഹി ഹൈക്കോടതി ആറുമാസത്തേക്ക് ഇടക്കാല ജാമ്യം നല്‍കിയതോടെയാണ് കനയ്യ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നെലെ കനയ്യയ്ക്ക് സര്‍വ്വകലാശാലയില്‍ വലിയ സ്വീകരണം നല്‍കിയിരുന്നു.
അതിനിടെ കനയ്യ കുമാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനുവേണ്ടി പശ്ചിമ ബംഗാളില്‍ പ്രചാരണം നടത്തുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും ഇടതുപക്ഷത്തെ യുവാക്കളുടെ ശക്തി രാജ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലും കനയ്യ എത്തുമെന്നാണ് സൂചന. സിപിഐയാണ് കനയ്യയെ പ്രചരണത്തില്‍ കേരളത്തില്‍ സജീവമാക്കുക.