ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ജയില്‍ മോചിതനായി. 23 ദിവസത്തെ തടവിന് ശേഷമാണ് കനയ്യ കുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് മോചിതനാകുന്നത്. ഇന്നലെയാണ് കനയ്യ കുമാറിന് ദില്ലി ഹൈകോടതി ജാമ്യം അനുവദിച്ചത്. കനൈയ്യയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ തെളിവ് ഹാജരാക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടിരുന്നു. ആറുമാസത്തെ ഇടക്കാല ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. കനയ്യയ്ക്കു വേണ്ടി 10,000 രൂപയുടെ ജാമ്യത്തുക സര്‍വ്വകലാശാല അദ്ധ്യാപകര്‍ കെട്ടിവെയ്ക്കും.
അതിനിടെ, കനയ്യകുമാറിന് ക്ലീന്‍ചിറ്റ് നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവുകളൊന്നുമില്ലെന്നും കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച മജിസ്റ്റീരിയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കാമ്പസിനു പുറത്തുനിന്നുള്ളവരാണ് ഇത് മുഴക്കിയതെന്നാണ് കണ്ടെത്തല്‍. കനയ്യകുമാറിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാര്‍ കഴിയുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് വിദ്യാര്‍ത്ഥികളായ അനിര്‍ഭന്‍ ഭട്ടാചാര്യയും അശുതോഷ് കുമാറും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ല. എന്നാല്‍ ഉമര്‍ മുദ്രാവാക്യം വിളിക്കാന്‍ സാധ്യതയുണ്ടെന്ന് ചില സെക്യൂരിറ്റി ജീവനക്കാര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.