സിനിമാ ലേഖകൻ
പ്രസവത്തിന് ശേഷം ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാനായി സ്ത്രീകൾ നടത്തുന്ന അനാരോഗ്യകരമായ ചികിത്സാരീതികൾക്കെതിരെ നടി കനിഹ രംഗത്ത്. അമ്മയായതിന് ശേഷം സൗന്ദര്യം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണെന്നാണ് കനിഹയുടെ അഭിപ്രായം. ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനായി സ്ത്രീകൾ ചെയ്യുന്ന ശസ്ത്രക്രിയകൾ പ്രകൃതിദത്തമല്ലെന്നും ഇത് ശരീരത്തിന് ദോഷം ചെയ്യുമെന്നും കനിഹ പറയുന്നു.
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രമുഖ ഫാഷൻ ഡിസൈനറായ സഞ്ജനാ ജോണിന്റെ ഒരു ഫാഷൻ ഷോയുടെ ഭാഗമായി റാംപിൽ നടന്നിരുന്നു. കറുത്ത ലെഹങ്കയാണ് അന്ന് അണിഞ്ഞത്. മകന് അപ്പോൾ മൂന്ന് വയസേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ തന്റെ ശരീരഭാഗങ്ങൾക്ക് ഒരു മോഡലിന് വേണ്ട സൗന്ദര്യം ഇല്ലായിരുന്നു. പ്രസവാനന്തരം വയറിലുണ്ടാകുന്ന പാടുകൾ മറയ്ക്കാനായി മെയ്ക്ക് അപ്പൊന്നും ചെയ്തിരുന്നില്ല. അത് മറയ്ക്കാതെ റാംപിലൂടെ നടന്നു. പക്ഷെ, എന്റെ ഈ പ്രവർത്തി പലർക്കും ഇഷ്ടപ്പെട്ടില്ല. ഒരുപാട് ആളുകൾ എനിക്ക് സന്ദേശം അയച്ചു. എന്റെ സൗന്ദര്യബോധത്തെ കുറ്റപ്പെടുത്തി. എന്നാൽ അതൊന്നും താൻ ശ്രദ്ധിക്കാൻ പോയില്ല. കാരണം അത്തരം പാടുകളിൽ ഞാൻ അഭിമാനിക്കുന്നു. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്.
അതിനാൽ എല്ലാ അമ്മമാരോടും ഞാൻ പറയുന്നു, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കൂ, ഇത് സ്‌നേഹത്തിന്റെ പാടുകളാണ്. ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. എന്നാൽ ഒരിക്കലും അത്തരം തീരുമാനങ്ങളിൽ വിഷമിക്കരുതെന്നും കനിഹ പറയുന്നു.