കൊച്ചി:സന്തോഷത്തോടെ വിഷു ആഘോഷിക്കുമ്പോൾ ഞെട്ടിക്കുന്ന വിഷുഫലം ആണ് കാണിപ്പയ്യൂർ നൽകുന്നത് . ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കില്‍ പല അപകടങ്ങളും ഉണ്ടാകും എന്നും പ്രവചനത്തില്‍ പറയുന്നു. കാറ്റ്,ഭൂമി കുലുക്കം, പകര്‍ച്ചവ്യാധി തുടങ്ങിയ നാശനഷ്ടങ്ങള്‍ ഉണ്ടാകും. അപ്രതിക്ഷിതമായി സമീപ രാഷ്ട്രങ്ങളില്‍ നിന്നു ജീവഹാനിയും ഒരു മുതിര്‍ന്ന നേതാവിന്റെ അകാലവിയോവും ഉണ്ടാകും എന്നു പ്രവചിച്ചു കാണിപ്പയ്യൂര്‍ നാരായണന്‍ നമ്ബുതിരിപ്പാടിന്റെ 2018 ലെ വിഷുഫലം. 2018 ഏപ്രില്‍ 14, 1193 മേടം 1 ശനിയാഴ്ച പകല്‍ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം കുറിച്ചാണ് വിഷുഫലം തുടങ്ങിയിട്ടുള്ളത്.
ഉത്രട്ടാതി നക്ഷത്രത്തിലും ത്രയോദശി തിഥിയിലും സുരഭിക്കരണത്തിലും മാഹേന്ദ്രനാമ നിത്യയോഗത്തിലും ശനിയാഴ്ചയും മാര്‍ച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ചയും ആയതിനാല്‍ തിരുവാതിര ഞാറ്റുവേല ജൂണ്‍ 22 നു പകല്‍ ആയിരിക്കും. മേടം 1-ാം തിയതി മുതല്‍ ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികള്‍, വാരാധിപന്മാരുടെ സ്ഥിതിഗതികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ആദ്യത്തില്‍ വര്‍ഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കുമെന്നും വിഷുഫലത്തില്‍ പറയുന്നു. മെയ് 2 മുതല്‍ കാര്‍മേഘം വര്‍ദ്ധിച്ചു തുടങ്ങി, 9 മുതല്‍ 27 വരെ പല പ്രദേശങ്ങളിലുമായി ചെറിയ തോതില്‍ രാത്രിയില്‍ മഴയുണ്ടാകും.
ഇതു തുടരുമെങ്കിലും ജൂണ്‍ 8 മുതല്‍ മഴ കുറയും. ജൂണ്‍ 10 മുതല്‍ 25 വരെ വായുസമ്മര്‍ദ്ദത്താല്‍ കാര്‍മേഘം കുറയും. ശക്തിയായ കാറ്റിനാല്‍ കാലവര്‍ഷക്കെടുതികള്‍ ഉണ്ടാകും. ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഉചിതമായ കാലവര്‍ഷം ലഭിക്കും. കര്‍ക്കടകമാസത്തില്‍ ആഗസ്റ്റ് 1 വരെ മഴ കുറയും. പിന്നീട് ഭേദപ്പെട്ട മഴയുണ്ടാകും. സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 11 വരെ ധാന്യവിളകള്‍ക്കും കിഴങ്ങു വിളകള്‍ക്കും അനുകൂലമാകുംവിധം മഴ ലഭിക്കും. ഒക്ടോബര്‍ 6 മുതല്‍ 26 വരെ തുലാവര്‍ഷം പ്രതീക്ഷിക്കാം. 2019 ജനുവരി 1 മുതല്‍ 20 വരെ ശക്തിയായ കാറ്റ്, ചെറിയ തോതില്‍ അപ്രതീക്ഷിതമായ മഴയെ സൃഷ്ടിക്കും.
മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 11 വരെ വേനല്‍മഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം വനപര്‍വ്വതങ്ങളില്‍ ലഭിച്ച മഴയെ അപേക്ഷിച്ച് ഈ വര്‍ഷം കുറവ് ഉണ്ടാകുന്നതിനാല്‍ വൈദ്യുതി ഉല്‍പാദനത്തിലും വിതരണത്തിലും വില്‍പനയിലും വളരെ നിയന്ത്രണവും നിബന്ധനകളും വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാര്‍ഷിക മേഖലകള്‍ക്ക് അനുകൂലമായ കാലാവസ്ഥയും, ഗവണ്‍മെന്റ് സഹായങ്ങളും ഉണ്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ കാര്‍ഷികമേഖലകളില്‍ പ്രവേശിക്കുന്നതുവഴി പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും. വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുമുണ്ടാകും. അനുബന്ധമായി ഭാരതീയ ശാസ്ത്ര വൈജ്ഞാനിക മേഖലകള്‍ സമന്വയിപ്പിക്കുവാനും സാധ്യതയുണ്ട്.മണ്ഡലം, വരുണമണ്ഡലമാകയാല്‍ ലോകാഭിവൃദ്ധി എന്ന പദം കൊണ്ടു പൊതുവെയുള്ള മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും.
സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും വന്നുചേരും. സാമ്ബത്തിക നിയമവ്യവസ്ഥകളില്‍ ചില ഇളവുകളും ഉണ്ടാകും. നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാല്‍ ഭരണകര്‍ത്താക്കളിലുള്ള അതൃപ്തി കുറയും. പശുനാശം എന്നു പലവിധത്തിലും സൂചന ലഭിക്കുന്നതിനാല്‍ പാലിനും പാലുല്‍പന്നങ്ങള്‍ക്കും കുറവുണ്ടാകും. ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കില്‍ പല പ്രകാരത്തിലും അപകടങ്ങള്‍, കാറ്റ്, ഭൂമികുലുക്കം, പകര്‍ച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങള്‍ക്കു വഴിയൊരുക്കും.
അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തില്‍ നിന്നുമുള്ള ആക്രമണത്തില്‍ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിര്‍ന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും. പദാര്‍ത്ഥങ്ങള്‍ക്ക് മെയ് 15 മുതല്‍ ഒരു മാസവും സെപ്റ്റംബര്‍ 17 മുതല്‍ ഒരു മാസവും വില അധികവും, ജൂണ്‍ 16 മുതല്‍ രണ്ടുമാസവും നവംബര്‍ 17 മുതല്‍ രണ്ടുമാസവും, 2019 ഫെബ്രുവരി 12 മുതല്‍ രണ്ടുമാസവും വിലക്കുറവും, മറ്റു മാസങ്ങളില്‍ സമനിലയിലുമായിരിക്കും.