ബെര്‍ലിന്‍: കയ്യില്‍ ആവശ്യത്തിന് പണമില്ലാത്തതിന്‍റെ പേരില്‍ ഇന്ത്യന്‍ നീന്തല്‍ താരം അന്യനാട്ടില്‍ പണത്തിനായി കൈനീട്ടുന്നു. ഇന്ത്യന്‍ കായിക മേഖല ഇതൊക്കെ കണ്ടിട്ടും കണ്ടില്ലന്ന് നടിക്കുന്നതോ? അധികൃതരുടെ അനാസ്ഥക്കിടയിലും പൂര്‍ണ്ണമായും അന്ധയായ കാഞ്ചനമാല പാണ്ഡെ എന്ന ഇന്ത്യന്‍ പാരാ സ്വിമ്മിങ്ങ് താരം വെള്ളിമെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായി. ജര്‍മ്മനിയിലെ സന്‍മനസ്സുള്ള ജനങ്ങളാണ് കാഞ്ചനമാലയെ സഹായിച്ചത്.
കാഞ്ചനമാലയ്ക്ക് ഇന്ത്യന്‍ പാരാലിമ്പിക് കമ്മിറ്റിയില്‍ നിന്ന് ആവശ്യത്തിന് ധനസഹായം ലഭിച്ചില്ലെന്നു മാത്രമല്ല, മത്സരം നടക്കുന്നതിനിടെ കോച്ചിനെ കാണാതാകുകയും ചെയ്തു. തന്‍റെ ശിഷ്യരുടെ പക്കല്‍ നിന്ന് 90 ഡോളര്‍(7462 രൂപ) പാര്‍ട്ടിസിപ്പേഷന്‍ ഫീസ് ആയി ആവശ്യപ്പെടുകയും ചെയ്തു.
ഈ വര്‍ഷം ലോക പാരാലിമ്പിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ഒരേയൊരു ഇന്ത്യന്‍ വനിതയാണ് കാഞ്ചനമാല പാണ്ഡെ.
ഇന്ത്യയുടെ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്രയടക്കമുള്ളവര്‍ സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പ്രധാന മന്ത്രി നരേന്ദ്രമോദിയും കായിക മന്ത്രി വിജയ് ഗോയലും സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജയ് ഗോയല്‍ കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.