ബംഗളൂരു: കന്നഡ സീരിയല്‍ നടിയെ സുഹൃത്തിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അവനു മത്തു ഷരവാണി സീരിയല്‍ താരം ശ്രുതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ ഉമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കച്ചോഹള്ളിക്ക് സമീപത്തെ മദനയാകനഹള്ളിയിലെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയും ശ്രീകാന്തും ദീര്‍ഘ നാളായി സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ശ്രീകാന്തിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
മുറികളിലൊന്നില്‍ വിശ്രമിച്ചിരുന്ന ശ്രുതി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ശ്രീകാന്ത് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ മരണത്തില്‍ ശ്രീകാന്തിന് പങ്കുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു.