കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും.
ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രശാന്ത് നായര്‍ ചുമതലയേറ്റത്. ചുമതലയേല്‍ക്കുന്ന സമയത്ത് തന്നെ പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. കോഴിക്കോട് മുന്‍ കളക്ടറായിരുന്ന എന്‍ പ്രശാന്ത് കോഴിക്കോട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം.കെ രാഘവനെതിരെ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു. കളക്ടര്‍ ബ്രോയുടെ അടുത്തനാളുകളിലെ ഫേസ്ബുക്ക് പോസ്റ്റുകളിലും മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു.