സ്വന്തം ലേഖകൻ
കൊച്ചി: കണ്ണൂർ രാമന്തളിയിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി എന്ന വാദത്തിൽ നിന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പിന്മാറി. സിപിഎം പ്രകടനം നടത്തിയിട്ടില്ലെന്നു പറഞ്ഞ കുമ്മനം, കമ്മ്യൂണിസ്റ്റുകളാണ് പ്രകടനം നടത്തിയതെന്നു വ്യക്തമാക്കുന്നു. ഇന്നലെ റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കുമ്മനം രാജേശേഖരൻ നിലപാടിയിൽ നിന്നു പിന്നാക്കം പോയത്.
വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന പേരിൽ കണ്ണൂർ ടൗൺപൊലീസ് 153എ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയത്. സിപിഐഎം പ്രവർത്തകരാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് താൻ പോസ്റ്റിൽ പറഞ്ഞിട്ടില്ലെന്നാണ് കുമ്മനത്തിന്റെ പുതിയ വാദം. മാത്രമല്ല, താൻ കമ്യൂണിസ്റ്റുകാരാണ് പ്രകടനം നടത്തിയത് എന്നാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പ്രവർത്തകരുടെയോ പേരോ താൻ പരാമർശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ താൻ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ല. തന്റെ ശ്രദ്ധയിൽ വന്ന വിഷയം പോസ്റ്റിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തതെന്നും കുമ്മനം അവകാശപ്പെട്ടു. പരാതിക്കാരനെതിരെ കേസെടുക്കുന്നത് പക തീർക്കാനാണ്. സിപിഐഎം എന്ന് പറഞ്ഞിട്ടില്ല, ആളുകളുടെ പേരും പറഞ്ഞിട്ടില്ല. സിപിഐഎം പ്രവർത്തകർ മാത്രം ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനാണ്. അവരിങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സിപിഐഎം നേതൃത്വമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റുകളുടെ ആഹ്ലാദപ്രകടനമെന്നാണ് താൻ പോസ്റ്റ് ചെയ്തത്. പൊലീസ് കേസിൽ സിപിഐഎം പ്രവർത്തകർ ബാന്റ് മേളത്തോടെ ആഹ്ലാദപ്രകടനം നടത്തിയെന്ന് താൻ പോസ്റ്റ് ചെയ്തെന്ന് പറയുന്നു. താനിങ്ങനെ പോസ്റ്റ് ചെയ്തിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസെടുത്തതിന് പിന്നിൽ വ്യക്തിവൈരാഗ്യമുണ്ട്. തന്റെ ഫെയ്സ്ബുക്കിൽ മാത്രം വന്ന പോസ്റ്റിന് എന്തിന് ഇങ്ങനെ നടപടിയെന്നും അദ്ദേഹം ചോദിച്ചു. വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണ് ഈ കേസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തന്നെ തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. വിജയ് മല്യയിൽ നിന്ന് ബിജെപി 35 കോടി വാങ്ങിയെന്ന പ്രചരണത്തിൽ പൊലീസിനും ആർബിഐക്കും പരാതി നൽകിയിട്ടുണ്ടെന്നും കുമ്മനം റിപ്പോർട്ടറോട് പ്രതികരിച്ചു.
രാമന്തളിയിലെ ആർഎസ്എസ് നേതാവ് ബിജു കൊലചെയ്യപ്പെട്ട സംഭവത്തിൽ സിപിഐഎം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരിലായിരുന്നു കുമ്മനം വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വിഷയത്തിൽ കുമ്മനം രാജശേഖരനെതിരെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരുന്നത്. ഐപിസി 153 എ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജനങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതിന് ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുമ്മനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തത്. രമാന്തളിയിലെ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് ചൂരക്കാട് ബിജു കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദമായ വീഡിയോ കുമ്മനം പോസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ആരോപിച്ച കുമ്മനം ഒരു ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ബിജുവിന്റെ കൊലപാതകത്തിൽ സന്തോഷിച്ച് സിപിഐഎം നടത്തിയ പ്രകടനമാണെന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ, അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നു എന്നത് തന്നെയാണ് വീഡിയോയുടെ ആധികാരികതയെന്ന് ബിജെപി നേതാവ് വിവി രാജേഷ് വിശദീകരിച്ചിരുന്നു. സിപിഎം പാർട്ടിക്കോട്ടയിൽ പാപ്പിനിശേരി ഭാഗത്ത് ഇത്തരത്തിലൊരു പ്രകടനം നടത്തുമ്പോൾ, അവിടെപ്പോയി വസ്തുതാപരമായി ഷൂട്ട് ചെയ്യാൻ പറ്റില്ലെന്നും രാജേഷ് പറഞ്ഞിരുന്നു. ‘പാപ്പിനിശേരി ഭാഗത്താ’ണ് ഇത് നടന്നതെന്നാണ് രാജേഷ് പറഞ്ഞത്. ആ വീഡിയോയാണ് പോസ്റ്റ് ചെയ്തതെന്നും രാജേഷ് അവകാശപ്പെട്ടിരുന്നു.
എന്നാൽ വീഡിയോയുടെ ആധികാരികത വ്യക്തമാക്കാൻ കുമ്മനത്തിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, വീഡിയോ വ്യാജമല്ലെന്നും അത് തെളിയിക്കാൻ സാധിക്കുമെന്ന നിലപാടിലാണ് കുമ്മനവും പാർട്ടി നേതാക്കളും. പുറത്തുവിട്ടത് ശരിയായ വീഡിയോ അണെന്നും ഇതിന്റെ പേരിൽ ജയിലിൽ പോകാനും തയ്യാറാണെന്നും കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 12 നാണ് പയ്യന്നൂർ രാമന്തളിയിലെ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് ബിജെപി നേതൃത്വം തുടക്കം മുതൽ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം പ്രവർത്തകനായിരുന്ന ധൻരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു.