ക്രൈം ഡെസ്‌ക്
തലശേരി: തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂരിൽ വൻ തോതിൽ ബോംബും ആയുധങ്ങളും ശേഖരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും ശക്തി കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ ബോംബുകൾ നിർമിക്കാനുള്ള സാമഗ്രികൾ എത്തിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് കണ്ണൂരിൽ വ്യാപകമായി അക്രമം നടത്തുന്നതിനാണ് ബോംബ് നിർമിക്കുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് കണ്ണൂർ കേന്ദ്രീകരിച്ചു വൻ തോതിൽ അയുധങ്ങൾ എത്തിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിനു റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസം സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് അഞ്ഞു ടണ്ണിലേറെ സ്‌ഫോടക വസ്തുക്കൾ കണ്ണൂരിന്റെ വിവിധ സ്ഥലങ്ങളിൽ ശേഖരിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ബോംബുണ്ടാക്കാനുള്ള സാമഗ്രികൾക്കു പിന്നാലെ വടിവാളുകൾ അടക്കമുള്ള മാരകായുധങ്ങളും ജില്ലയിൽ വൻ തോതിൽ ശേഖരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും ശക്തി കേന്ദ്രങ്ങളായ പ്രദേശങ്ങളിൽ പ്രത്യേകം പിക്കറ്റിങ്ങും പരിശോധനകളും റെയ്ഡുകളും നടത്തുന്നതിനു നിർദേശം നൽകിയതായി സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് അറിയിച്ചു. ജില്ലയിൽ ഇനി പൊലീസ് പിക്കറ്റിങ് കൂടുതൽ ശക്തമാക്കുന്നതിനും ജില്ലാ പൊലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇതോടൊപ്പം മുൻപ് രാഷ്ട്രീയ ആക്രമണക്കേസുകളിൽ പ്രതികളും, ആക്രമണത്തിൽ ഇരകളായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിറിധികളോടും അണികളോടും ജാഗ്രത പുലർത്താൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. മുൻപ് കേസിൽ പ്രതികളായിട്ടുള്ളവരെ നിരീക്ഷിക്കുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ചിനു നിർദേശം നൽകിയിട്ടുണ്ട്. കൊലക്കേസിൽ പ്രതികളായവർക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ കണ്ണൂരിലേയ്ക്കു കേന്ദ്ര സേനയെ കൊണ്ടു വരാനുള്ള നീക്കമാണ് ഇപ്പോൾ ബിജെപി നേതൃത്വം ഒരുങ്ങുന്നുണ്ട്.