തിരു:ബീഫ് നിരോധനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടികളെ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും കണ്ണൂരിലുണ്ടായ സംഭവത്തെ കെ.പി.സി.സി. അപലപിക്കുന്നു എന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ .ഒരു കാളക്കുട്ടിയെ ജനമധ്യത്തില്‍ വച്ച് പരസ്യമായി കശാപ്പുചെയ്ത നടപടി യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധത്തിന്റെ മാറ്റ് കുറയ്ക്കുകയുണ്ടായി. ഇത് കോണ്‍ഗ്രസ്സ് സംസ്‌കാരത്തിന് യോജിച്ചതല്ല. കണ്ണൂരില്‍ ഈ സംഭവത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്തതായും എം.എം. ഹസ്സന്‍ പറഞ്ഞു.
കന്നുകാലികളുടെ കശാപ്പിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ഉത്തരവിനെ കേരളം അംഗീകരിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള മൗലികാവകാശം കേന്ദ്രത്തിലെ ബി.ജെ.പി. ഗവണ്‍മെന്റ് കവര്‍ന്നെടുക്കുന്ന നടപടിയാണിത്. സംഘപരിവാറിന്റെയും, ബി.ജെ.പി.യുടെയും വര്‍ഗ്ഗീയ ഫാസിസം അടുക്കളയിലേയ്ക്ക് കടക്കുന്നതിനെ കോണ്‍ഗ്രസ്സ് സര്‍വ്വശക്തിയും ഉപയോഗിച്ച് തടയും.
ഈ നിയമം കേരളത്തിന് ബാധകമാകാതിരിക്കാന്‍ നമ്മുടെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി ഒരു പുതിയ നിയമം നിര്‍മ്മിക്കണമെന്നും സംസ്ഥാന ഗവണ്‍മെന്റിനോട് കെ.പി.സി.സി. ആവശ്യപ്പെടുന്നു.കേന്ദ്രഉത്തരവിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് സീകരിക്കുന്ന എല്ലാ നടപടികളെയും കോണ്‍ഗ്രസ്സ് പിന്തുണയ്ക്കും.കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം ഡി.സി.സി.യുടെ നേതൃത്വത്തില്‍ 2017 ജൂണ്‍ 1 ന് രാജ്ഭവനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തും.