
കണ്ണൂര്‍: സിപിഐഎമ്മിന്റെ അപവാദ പ്രചാരണത്തില്‍ മനംനൊന്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ച ദളിത് പെണ്‍കുട്ടികളിലൊരാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തലശേരി ഇന്ദിരാഗന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്‍.രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.
നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന രണ്ട് പെണ്‍കുട്ടികളും സിപിഐഎം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ഇന്നലെയാണ് ഉപാധികളോടെ തലശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പിതാവാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ ശനിയാഴ്ചയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് ഉപാധി. ഇവരെ പാസ്പോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഒന്നര വയസുള്ള കൈക്കുഞ്ഞിനൊപ്പമാണ് ദലിതെ പെണ്കുട്ടികള് ജയിലിലേക്ക് പോയത്.
സംഭവത്തിന് ശേഷം രാജന്റെ വീടും കാറും ആക്രമിക്കുകയും രാജനേയും പെണ്‍മക്കളേയും സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലായിരുന്നു.
ദലിത് പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്തി പിണറായി വിജയന്റെ പ്രതികരണം. ദലിത് സഹോദരിമാരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചത് അപലനീയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇരുവര്‍ക്കുമെതിരെ നടന്നത് കാട്ടുനീതിയാണെന്ന് വിഎം സുധീരനും പ്രതികരിച്ചിരുന്നു.