കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹും ബിജെപി പ്രവര്‍ത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചുള്ള ബിജെപി ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. കണ്ണൂരിനു പുറമേ മാഹിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്‍, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മൂന്നര കഴിഞ്ഞ് പഴയങ്ങാടി മുട്ടം പാലക്കോട് വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ജൂലൈയില്‍ കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ (38) വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ 12-ാം പ്രതിയായ ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മുട്ടം ഭാഗത്ത് നിന്ന് സുഹൃത്ത് രാജേഷുമൊന്നിച്ച് ബിജു മോട്ടോര്‍ ബൈക്കില്‍ കക്കംപാറയിലെ വീട്ടിലേക്ക് പോകവെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന അക്രമിസംഘം വണ്ടി ഇടിച്ചു തെറിപ്പിച്ചു. തെറിച്ചു വീണ ബിജുവിനെ അക്രമികള്‍ വളഞ്ഞിട്ട് വെട്ടി. രക്തം വാര്‍ന്ന് തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന രാജേഷ് ഓടി രക്ഷപ്പെട്ടു.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിജുവിന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
റോഡരികിലെ പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവസ്ഥലത്ത് ഓടിക്കൂടിയത്. അപ്പോഴേക്കും അക്രമികള്‍ കാറില്‍ കയറി കടന്നിരുന്നു. അരമണിക്കൂറോളം വഴിയോരത്ത് കിടന്ന മൃതദേഹം പൊലീസെത്തിയാണ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. പ്രതികള്‍ക്കായി പൊലീസ് പരക്കെ തെരച്ചില്‍ തുടങ്ങി.
പെയിന്റിങ് തൊഴിലാളിയായ ബിജു കക്കംപാറയിലെ പുരുഷോത്തമന്‍ – നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍. സുനില്‍, രതീഷ്, ബിന്ദു.
അതേസമയം, കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ജൂലായ് 11ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം കുന്നരുവില്‍ ധനരാജിനെ കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനും കൊലക്കത്തിക്ക് ഇരയായി.