കണ്ണൂര്‍: ആര്‍ എസ് എസ് പ്രവര്‍ത്തകന്റ കൊലപാതകത്തെ തള്ളിപ്പറഞ്ഞ സി പി ഐ എം നേതൃത്വത്തിനെതിരെ കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.ധന്‍ രാജ് കൊലപാതക കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബൈജുവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ തള്ളിപ്പറഞ്ഞതാണ് വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് വാസു തന്നെ പാര്‍ട്ടി നിലപാട് തളളി രംഗത്തെത്തി. ഫേയ്‌സ്ബുക്കിലൂടെയായിരുന്നു സിപിഐ എം നേതാവ് കൂടിയായ വാസുവിന്റെ പ്രതികരണം.
കണ്ണൂരില്‍ ആര്‍ എസ് എസുകാരാല്‍ കൊല ചെയ്യപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പോസ്റ്റിലൂടെ വാസു ഓര്‍മ്മിപ്പിക്കുന്നുണ്ട്. മക്കള്‍ക്ക് ബിസ്‌കറ്റ് വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ധന്‍രാജിനെ മൃഗീയമായി ആര്‍ എസ് എസ് കൊല്ലുകയായിരുന്നുവെന്നും ,ധന്‍ രാജിന്റെ ആത്മ സുഹൃത്തുക്കള്‍ ആരെങ്കിലും തിരിച്ചടിച്ചെങ്കില്‍ എന്ത് ചെയ്യാനാകുമെന്ന തരത്തിലാണ് പോസ്റ്റ്.ഇങ്ങനെ ആരെങ്കിലും ചെയ്‌തെങ്കില്‍ നമുക്ക് അവരെ തള്ളി പറയാനാകുമോ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അനുകൂലിക്കണ്ട എതിര്‍ക്കാതിരുന്നാല്‍ മതി എന്നും വാസു പാര്‍ട്ടി നേതൃത്വത്തോട് പറയുന്നുണ്ട്. എന്നാല്‍ വാസുവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിനോട് സി പി ഐ എം നേതൃത്വം ഇത് വരെ പ്രതികരിച്ചിട്ടില്ല.സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടി പൊതുയോഗങ്ങളില്‍ നിത്യസാന്നിധ്യമാണ് വാസു. ഇദ്ധേഹത്തെ കൂടാതെ മിക്ക സി പി ഐ എം പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ബൈജു കൊലപാതകത്തെ. അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്. പ്രവര്‍ത്തകരുടെ അമിതാവേശം സര്‍ക്കാരിനും ഏറെ തലവേദനയായിട്ടുണ്ട്.
കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് കെ.വി റോഷന്റെ പിതാവ് സഖാവ് കെ.വി വാസുവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്
ഒരാളെ പോലും അറിഞ്ഞുകൊണ്ട് നോവിക്കാത്ത സഖാക്കള്‍…
പി.ബാലന്‍, കെ.വി സുധീഷ്,ഓണിയന്‍ പ്രേമന്‍, വാളാങ്കിച്ചാലിലെ മോഹനന്‍, പിണറായി രവീന്ദ്രന്‍
ഇവരെ ആര്‍എസ്എസ് കൊലയാളി സംഘം വെട്ടി കൊലപ്പെടുത്തി,
സുധീഷിനെ വീട് ചവിട്ടി പൊളിച്ച് അകത്ത് കയറി അച്ചന്റെയും,അമ്മയുടെയും മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്,
ഇവരൊക്കെ ഏതെങ്കിലും അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോ ?
ആണത്തമുണ്ടെങ്കില്‍ RSS നേതൃത്വം മറുപടി പറയണം,
ഇനി നേരിട്ടൊരു സംവാദത്തിനാണെങ്കില്‍ അതിനുള്ള സമയവും, സ്ഥലവും നിങ്ങള്‍ തീരുമാനിച്ചോ ഞാന്‍ വരാം..
പയ്യന്നൂര്‍ കുന്നരുവിലെ സഃ ധനരാജ് മക്കള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങി രാത്രി വീട്ടിലേക്ക് പുറപ്പെട്ടു, പിന്നാലെയെത്തിയ RSS ക്രിമിനലുകള്‍ ഭാര്യയുടേയും,മക്കളുടെയും മുന്നിലിട്ട് ഒരു കാരണവുമില്ലാതെ വീട്ടുമുറ്റത്ത് വെട്ടിയരിഞ്ഞ് കൊന്നു,
പ്രസ്ഥാനത്തെയും, കൊല്ലപ്പെട്ട സഖാക്കളേയും, സ്‌നേഹിക്കുന്നവര്‍ ഉള്ളാലെ മനമുരുകി,
ആത്മ ഗതമായി പറഞ്ഞു..
ഞങ്ങള്‍ക്കും ഒരു സമയം വരും,
കൊല്ലപ്പെട്ടവര്‍ക്ക്, അവരുടെ കുടുംബങ്ങള്‍ക്ക് നീതിവേണം,
UDF പോലീസിന്റെ ഭാഗത്ത്‌നിന്ന് നീതി കിട്ടിയില്ല,
ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ,
മലദ്വാരത്തില്‍ കമ്പി കയറ്റല്‍,
ഗരുഡന്‍ തൂക്കം,കാപ്പ..
എല്ലാം സഹിച്ചു
ഞങ്ങള്‍ക്കും ഒരു കാലം വരും,
ഞങ്ങള്‍ പോലീസിന്റെ തണലില്‍ വളര്‍ന്ന് വന്നവരല്ല,
ചെറുത്ത് നില്‍ക്കും,
പല സ്ഥലങ്ങളിലും,
ചെറുത്ത് പോരാടുന്നു എത്രയോ വര്‍ഷങ്ങളായി ,
തടങ്കലില്‍ ജീവിതം ഹോമിച്ചു,
പോരാട്ട വീര്യം ചോര്‍ന്നില്ല..
അവരുടെ മുന്നില്‍ ഇന്ന് കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ,
അവര്‍ക്ക് നിങ്ങളുടെ സൈദ്ധ്വാന്തികമൊന്നും അറിയില്ല…
ചില സ്ഥലങ്ങളില്‍ പ്രിയപ്പെട്ടവന്റെ ചോരയ്ക്ക് പ്രതികാരവുമായി ചിലര്‍ സ്വയം സന്നദ്ധരാകുന്നു,
അവരെ നമുക്ക് തള്ളിപറയാന്‍ പറ്റുമോ ?
അവരെ അനുകൂലിക്കേണ്ട..
എതിര്‍ക്കാതിരുന്നാല്‍ മതി എന്നൊരു അപേക്ഷയുണ്ട്…
ഇതൊക്കെയായിരിക്കാം രാമന്തളിയിലും നന്നത്…