കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതയ് ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ടിച്ചേര്‍ത്തു.
കൊലപാതകം സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകരുത്. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന സംഭാഷണങ്ങള്‍ നടന്നതിന് ശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെയുണ്ടായ കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കണ്ണൂര്‍ കൊലപാതത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രൂക്ഷമായി വിമര്‍ച്ചു. കേരളത്തില്‍ തീവ്രവാദ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സംസ്ഥാനത്ത് ഗുണ്ടാരാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.