ഡി ഐ .എച്ച് ബ്യൂറോ
കണ്ണൂര്‍: വടക്കന്‍ കേരളത്തിന്റെ ആയിരത്താണ്ട് പഴക്കമുള്ള അനുഷ്‌ഠാന ദിനാചാരമാണ് പത്താമുദയം. ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങള്‍ തുലാമാസത്തിലെ പത്താമുദയത്തിന്റെ ചടങ്ങുകളില്‍ കാണാം.
കാരാകര്‍ക്കിടത്തില്‍ ഉപ്പുചിരട്ട പോലും കമിഴ്‌ത്തിവച്ച് വറുതി ചുട്ടുതിന്ന പ്രാചീനന് തെല്ലൊരാശ്വാസം ചൊരിഞ്ഞ് കടന്നുവന്ന ചിങ്ങത്തിനു പിറകെ ഭാവികാലശുഭസൂചനയുമായി ഉദിച്ചുയരുകയാണ് തുലാപ്പത്ത്. അന്ന് സൂര്യോദയത്തിനു മുമ്പേ കുളിച്ച് കുറിയഞ്ചും വരച്ച് തറവാട്ട് കാരണവരും തറവാട്ടമ്മയും മുറ്റത്ത് നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ പകല്‍വാഴുന്ന പൊന്നുതമ്പുരാന്‍ കിഴക്കു ദിക്കില്‍ ഉദിച്ചു പൊങ്ങുമ്പോള്‍ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വാല്‍ക്കിണ്ടിയില്‍ നിന്ന് വെള്ളം ജപിച്ചെറിഞ്ഞും ഇരുകയ്യിലും ഉണക്കലരി വാരിയെടുത്തെറിഞ്ഞ് അരിയിട്ടെതിരേറ്റും പത്താമുദയത്തെ തറവാട്ടിനകത്തേക്ക് നിലവിളക്കിലൂടെ പൂജാമുറിയിലേക്ക് ആനയിക്കും. അന്നുതൊട്ട് തറവാട്ടില്‍ നവോത്സാഹമാണ് കളിയാടുക. കാറുമൂടാത്ത പത്താമുദയം നാടിനും വീടിനും സമ്പല്‍സമൃദ്ധിയാണ് സമ്മാനിക്കുന്നതത്രേ.
കാര്‍ഷിക സംസ്‌ക്കാരം സമ്മാനിച്ച അമൂല്യമായ സന്ദേശവും പത്താമുദയത്തില്‍ കാണാം. അന്ന് കന്നുകാലികളെ കൂട്ടിയ ആലയില്‍, കന്നിമൂലയില്‍ അടുപ്പ് കൂട്ടി, കാലിച്ചാനൂട്ട് എന്ന നിവേദ്യാര്‍പ്പണം നടത്തും. ഉണക്കലരിപ്പായസമാണ് നിവേദ്യം.അത് ഉണ്ടാക്കുന്നത് തറവാട്ടിലെ പത്തോ പന്ത്രണ്ടോ വയസ്സുള്ള ആണ്‍കുട്ടികളായിരിക്കും.കാലിച്ചേകോന്‍ എന്നും കാലിച്ചാന്‍ എന്നും പേരിട്ടു വിളിക്കുന്ന സാക്ഷാല്‍ അമ്പാടിക്കണ്ണനെ സംപ്രീതനാക്കാനാണ് പ്ലാവിലകളില്‍ ഈ നിവേദ്യം വിളമ്പി വെക്കുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ വന്നുകൂടിയ കുട്ടികള്‍ക്കെല്ലാം പായസം വിളമ്പും.
ഇന്ന് പത്താം ഉദയമാണ്. ഇന്നു മതല്‍ കാവുകള്‍ ഉണരുന്നു. രൗദ്രമൂര്‍ത്തികള്‍ കാവിന്‍ മുറ്റങ്ങളില്‍ ഉറഞ്ഞാടും. ഇടവപ്പാതി വരെ നൂറുക്കണക്കിന് കാവുകളില്‍ തെയ്യങ്ങള്‍ ആചാരങ്ങളും അനുഷ്ഠാനവുമനുസരിച്ച് കെട്ടിയാടുന്നു. കണ്ണൂരിന്റെ മനസ്സില്‍ ഭീതി ഉളവാക്കുന്നതാണ് ഈ തെയ്യാട്ടക്കാലം. രാഷ്ട്രീയ കക്ഷികള്‍ കുടിപ്പക തീര്‍ക്കുന്ന കാലവുമിതാണ്. കളിയാട്ടം ആരംഭിക്കുന്നതു മുതല്‍ തലശ്ശേരി, കൂത്തുപറമ്പ്, പാനൂര് എന്നിവിടങ്ങളില്‍ രാഷട്രീയ വൈര്യവും പുകയും. സിപിഐ.(എം.) നും ബിജെപി-ആര്‍.എസ്. എസ് കക്ഷികള്‍ക്കും കണക്കു തീര്‍ക്കാവുന്ന വേദിയായി കാവുകള്‍ മാറുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. ഇരുഭാഗത്തും അക്രമിക്കാനുദ്ദേശിക്കുന്നവരുടെ ഹിറ്റ്‌ലിസ്റ്റ് ഇക്കാലത്ത് പുറത്തെടുക്കും. ഇരുകക്ഷികളും കൂട്ടമായാണ് കാവുകളിലേക്കെത്തുക. യുദ്ധമുഖത്തേക്കെന്ന പോലെ രണ്ടു പക്ഷത്തായി നില്‍ക്കും. ഇതിനിടെ ഒറ്റപ്പെട്ടു പോയവനെ പലപ്പോഴും അക്രമിക്കപ്പെടും.
ചന്തലേലം വിളി മുതല്‍ ഈ കക്ഷികളുടെ ഭിന്നത പുറത്തുവരും. കാവുകളിലെ വഴികളില്‍ രക്തസാക്ഷികളുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാണ് ഇത്തവണ സിപിഐ.(എം). ഇടപെടുന്നത്. ഇതു പ്രശ്നങ്ങളുണ്ടാക്കും. പാനൂര്‍ മേഖലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കുറൂളിക്കാവില്‍ രക്തസാക്ഷിയുടെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത് സംഘര്‍ഷത്തിനിടയാകാന്‍ കാരണമായേക്കാം. കാവുകളെ പാര്‍ട്ടി പ്രചരണ കേന്ദ്രങ്ങളാക്കി മാറ്റാണ് സിപിഐ.(എം.) ശ്രമിക്കുന്നതെന്ന് ബിജെപി. ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഒരു ചെറിയ പ്രശ്നം മതി ഈ മേഖലയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെടാന്‍. കണ്ണൂരിലെ അക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ വിട്ടുവീഴ്ചയോ അനുരഞ്ജനമോ അല്ല ഈ രണ്ടു കക്ഷികളുടേയും നിലപാട്. എതിരാളികളെ കൊല്ലുകയോ മാരകമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നതാണ് ഇരുകക്ഷികള്‍ക്കും താത്പര്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തിനു ശേഷം നടന്ന അക്രമങ്ങളില്‍ പ്രതി ചേര്‍ത്തവരുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. സിപിഐ.(എം.) പ്രവര്‍ത്തകരുടെ പരാതിയില്‍ നൂറ് കേസുകളും ബിജെപി.ക്കാരുടെ പരാതിയില്‍ 143 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നൂറ്റി ഇരുപതോളം കേസുകള്‍ പൊലീസ് സ്വമേധയാ എടുത്തതാണ്. അറസ്റ്റിലായവരുടെ കണക്ക്; 200 ഓളം ബിജെപിക്കാര്‍, 470 ഓളം സിപിഐ.(എം )പ്രവര്‍ത്തകര്‍. ഈ മാസം രണ്ടു കൊലപാതകങ്ങളാണ് നടന്നത്. സിപിഐ.(എം.) ലെ കുഴിച്ചാലില്‍ മോഹനനും ബിജെപി.യിലെ കെ.പി. രമിത്തുമാണ് കൊല്ലപ്പെട്ടത്.
കേരളത്തിലെ മറ്റൊരു ജില്ലക്കുമില്ലാത്ത അവസ്തയാണ് ഇപ്പോള്‍ കണ്ണൂരിനുള്ളത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ നൂറ്റിയാറ് രക്തസാക്ഷികളെ സംഭാവന ചെയ്ത ജില്ല. ഓരോ കൊലപാതകം കഴിയുമ്പോഴും സമാധാനയോഗങ്ങള്‍ ചേരുന്നു. എന്നാല്‍ അക്രമങ്ങളൊഴിഞ്ഞുള്ള ഇടവേളകള്‍ ഇപ്പോള്‍ ചുരുങ്ങുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെയായി 325 കേസുകളിലായി 850 ഓളം പ്രതികളാണ് അക്രമസംഭവങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ കൂത്തുപറമ്പ്, മുഴക്കുന്ന്, പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലായി നാല് കൊലപാതകങ്ങള്‍ നടന്നു. ഒരാള്‍ ബോംബ് പൊട്ടിയും മരിച്ചു. ബോംബേറിലും മറ്റായുധങ്ങള്‍ കൊണ്ടും കുറേ പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകള്‍ തകര്‍ക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പൊലീസ് നടത്തിയ റെയ്ഡില്‍ മാത്രം ബോംബും തോക്കും മഴുവും വാളുകളുമായി 230 ഓളം ആയുധങ്ങളാണ് കണ്ടെത്തിയത്.
കണ്ണൂര്‍ ഇപ്പോള്‍ ഒട്ടും ശാന്തമല്ല. പുറമേ നോക്കിയാല്‍ ശാന്തമെന്നു തോന്നും. സര്‍വ്വകക്ഷി സമാധാന കമ്മിറ്റിയൊക്കെ നടന്നെങ്കിലും ആയുധങ്ങള്‍ കുന്നുകൂടുകയാണ്. പൊയിലൂര്‍, ചമതക്കാട് എന്നിവിടങ്ങളില്‍ ബോംബുകളും മാരാകായുധങ്ങളും പിടികൂടപ്പെട്ടു. രഹസ്യകേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് വ്യക്തം. അതുകൊണ്ടു തന്നെ എന്തും നടക്കും. സമാധാനയോഗത്തില്‍ സിപിഐ- എമ്മിലെ പ്രമുഖ നേതാക്കളാരും പങ്കെടുത്തിട്ടില്ല. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് മുന്നോട്ടുവച്ച പെരുമാറ്റച്ചട്ടങ്ങള്‍ തങ്ങള്‍ക്കു സ്വീകാര്യമല്ലെന്ന നിലപാടിലാണ് സിപിഐ-എം. ബിജെപി- ആര്‍എസഎസുകാര്‍ക്കാകട്ടെ കണ്ണൂരില്‍ അശാന്തിയാണെന്നു വരുത്തിത്തീര്‍ത്തു കേന്ദ്രസേനയെ ഇറക്കിക്കാനുള്ള താത്പര്യത്തിലാണ്.
കാവുകള്‍ ഉണരുമ്പോള്‍ ഭയത്തോടെയാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. എന്തു തര്‍ക്കം നടന്നാലും കണ്ണൂരിലേത് രാഷട്രീയത്തിലേക്ക് വഴിമാറുകയാണ്. വ്യക്തി തര്‍ക്കവും കുടുംബ പ്രശ്നങ്ങള്‍ പോലും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടും. ഓരോ പാര്‍ട്ടിക്കും സ്വാധീനമുള്ള മേഖലകളില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ഒറ്റപ്പെടും. പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഒപ്പം നടക്കുന്നവനെ പോലും കൊല്ലാന്‍ മടിക്കില്ല. മുഖാമുഖം നിന്ന് പോരടിക്കുന്നത് സിപിഐ.(എം.) ന്റേയും ബിജെപി.യുടേയും സ്വഭാവമായി മാറിയിരിക്കയാണ് .
പത്താമുദയനാളിലാണ് പുലയസമുദായം കാലിച്ചാന്‍ തെയ്യത്തെയും കോണ്ട് ഗ്രാമീണഗൃഹങ്ങള്‍ തോറും അനുഗ്രഹം ചൊരിയാനെത്തുന്നത്. മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ തെയ്യം തുടിവാദ്യത്തിന്റെ അകമ്പടിയോടെ ഓരോ വീട്ടിന്റേയും ‘കോണിക്കല്‍’ വന്നു നിന്ന് ഈണത്തില്‍ പാടുകയും കയ്യിലെ തിരിയോലത്തലപ്പു കൊണ്ട് അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യും.വീട്ടുകാര്‍ ദൈവത്തിന് നെല്ലോ, അരിയോ പണമോ കാണിക്കയായി നല്‍കും.പുല (കൃഷിനിലം)ത്തിന്റെ നേരവകാശികളായ പുലയരുടെ തെയ്യത്തോടു കൂടിയാണ് വടക്കന്‍ കേരളത്തിലെ മിക്കത്തെയ്യക്കാവുകളും ഉണരുന്നത്.
ഇടവപ്പാതിയോടെ നടയടച്ച കാവുകള്‍ പുണ്യാഹകലശത്തോടെ തുറന്ന് വിളക്ക് വെക്കുന്ന സുദിനംകൂടിയാണ് പത്താമുദയം. അന്ന് മുതലാണ് കാവുകളില്‍ തെയ്യാട്ടം തുടങ്ങുന്നത്. തുലാപ്പത്ത് മുതല്‍ ഇടവപ്പാതി വരെയാണ് വടക്കന്‍ കേരളത്തിലെ തെയ്യാട്ടക്കാലം.
പത്താമുദയത്തെ പഴയ തലമുറ ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക് തുടക്കമിടുന്ന ശുഭദിനമായിട്ടാണ് കണ്ടിരുന്നത്. അന്ന് നായാട്ട് തുടങ്ങാനും വിവിധകലാപ്രകടനങ്ങള്‍ക്ക് അരങ്ങൊരുക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.അന്നു തന്നെയാണ് പുതിയവിളവിറക്കാനുള്ള നെല്‍വിത്ത് കാവിന്റെ തിരുനടയില്‍ കാണിക്കവയ്‌ക്കുന്നതും മന്ത്രമുദ്രിതമായ ചുണ്ടുകളോടെ വയലുകളിലേയ്‌ക്കു പോകുന്നതും.