![](https://dailyindianherald.com/wp-content/uploads/2019/01/kannur1.png)
സ്വന്തം ലേഖകൻ
കണ്ണൂർ: കഴിഞ്ഞ തവണ കൈവിട്ട കണ്ണൂർ കോട്ട തിരികെ പിടിക്കാൻ കോൺഗ്രസ് അഭിഭാഷക സിംഹത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നു. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തി കോടതിയിൽ വിയർപ്പിച്ച അഭിഭാഷക സിംഹം അഡ്വ.ടി.ആസിഫലിയെ കണ്ണൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ജനകീയനും, മുസ്ലീം ക്രൈസ്തവ ഹിന്ദു സമുദായങ്ങൾക്കിടയിൽ സ്വീകാര്യനുമായ ആസിഫ് അലിയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
മികച്ച വാഗ്മിയും, അതിലുപരി ജനകീയമായ മുഖവും അഴിമതി രഹിത പ്രതിച്ഛായയുമുള്ള ആസിഫ് അലിയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് മികച്ച പോരാട്ടം തന്നെയാണ്. കോൺഗ്രസിൽ നിന്നും സിപിഎമ്മിനു വേണ്ടി പട നയിച്ച് ആദ്യമായി കണ്ണൂർ സീറ്റ് പിടിച്ചെടുത്ത അബുദുള്ളക്കുട്ടിയെ പോലെ അത്ഭുതക്കുട്ടിയാകാൻ ആസിഫ് അലിയ്ക്കും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഒരു പോലെ സ്വീകാര്യനായിരുന്നു ആസിഫ് അലി. കണ്ണൂർ മണ്ഡലത്തിൽ സുപരിചിതനാണ് തലശേരി സ്വദേശിയായ ആസിഫ് അലി. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ അസിഫ് അലി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ മുഖം കൂടിയാണ്.
ലാവ്‌ലിൻ കേസിൽ സിപിഎമ്മിനെയും പിണറായി വിജയനെയും സുപ്രീം കോടതി വരെ വെള്ളം കുടിപ്പിച്ച ചരിത്രമാണ് ആസിഫ് അലിയ്ക്ക് പറയാനുള്ളത്. അതുകൊണ്ടു തന്നെ സിപിഎമ്മിനും ആസിഫ് അലി പേടി സ്വപ്‌നമാണ്. സർക്കാരിനെ വിറപ്പിച്ചു നിർത്തിയ, സിപിഎമ്മിനെ എന്തും ഭയപ്പെടുത്തുന്ന ആസിഫ് അലി എന്നും കോൺഗ്രസിനും പ്രിയപ്പെട്ടവനാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയ്ക്കും എറെ പ്രിയപ്പെട്ട വക്കീലും അദ്ദേഹം തന്നെയാണ്. കണ്ണൂരിലേയ്ക്കാണ് ആസിഫ് അലിയുടെ പേരിന് പ്രഥമ പരിഗണന കോൺഗ്രസ് നൽകുന്നത്. നിലവിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായത് കൊണ്ട് അട്ടിമറി സാധ്യത എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ സീറ്റിലേയ്ക്ക് കോൺഗ്രസ് അദ്ദേഹത്തെ പരിഗണിക്കുന്നത്. എന്നാൽ, സേഫ് സീറ്റായ വയനാട് ആസിഫ് അലിയ്ക്ക് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും അനിവാര്യമായ തിരഞ്ഞെടുപ്പ് വിജയം ആവശ്യമുള്ള സമയമായതിനാൽ തന്നെ ആരും പാർട്ടിയ്ക്കുള്ളിൽ കാലുവാരലോ പടലപ്പിണക്കങ്ങളോ ഉണ്ടാക്കില്ലെന്നും പാർട്ടി ഉറപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശം അനുസരിച്ച് ഇരുപത് മണ്ഡലങ്ങളിലും പാർട്ടി ഒറ്റക്കെട്ടായി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെയാണ് ഇക്കുറി പരിഗണിക്കുന്നതും. ഈ സാഹചര്യത്തിൽ ആസിഫ് അലി തന്നെയാണ് വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.